Latest News

1.25 ടണ്‍ സ്വര്‍ണം കടത്തിയ പൊലീസുകാരനും സഹോദരനും പിതാവും അറസ്റ്റില്‍

കൊച്ചി: [www.malabarflash.com] നെടുമ്പാശേരി വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ ഒത്താശയോടെ സ്വര്‍ണം കടത്തിയ കേസില്‍ പൊലീസുകാരനും സഹോദരനും പിതാവും അറസ്റ്റില്‍. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റായ സിവില്‍ പൊലീസ് ഓഫിസര്‍ മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ജാബിന്‍ കെ. ബഷീര്‍ (28), സഹോദരന്‍ നിബിന്‍ കെ. ബഷീര്‍ (25), പിതാവ് എ.കെ. ബഷീര്‍ (52) എന്നിവരെയാണ് കസ്റ്റംസ് പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ ബന്ധുവാണു ജാബിന്‍. 2013 നവംബര്‍ മുതല്‍ ഇയാളുടെ സഹായത്തോടെ നൗഷാദ് സ്വര്‍ണം കടത്തിയിരുന്നു. ദിവസേന എട്ടു മുതല്‍ 16 കിലോഗ്രാം വരെ സ്വര്‍ണം ഇവര്‍ പുറത്തെത്തിച്ചിരുന്നു എന്നാണു വിവരം. ഏകദേശം 1250 കിലോഗ്രാമോളം സ്വര്‍ണമാണ് ഇവര്‍ വഴി പുറത്തെത്തിയതെന്നു കണക്കാക്കുന്നു. ഏഴു കോടിയോളം രൂപ ഇവര്‍ സ്വര്‍ണ ഇടപാടിലൂടെ നേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നൗഷാദ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിക്കുന്ന സ്വര്‍ണം ജാബിന്‍ പുറത്തെത്തിക്കുകയാണു പതിവ്. ബെല്‍റ്റില്‍ ഘടിപ്പിച്ച സ്വര്‍ണം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക ഗേറ്റിലൂടെയാണു പുറത്തെത്തിച്ചിരുന്നത്. സഹോദരന്‍ നിബിന്റെ സഹായത്തോടെ കാറില്‍ സ്വര്‍ണം വീട്ടിലെത്തിക്കും. ഇടപാടുകാരില്‍ നിന്നു പണം വാങ്ങുകയും സ്വര്‍ണം കൈമാറുകയും ചെയ്തിരുന്നതു പിതാവ് ബഷീറായിരുന്നു.

ഐബിയിലെ ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ചു ജാബിനെ കേരള പൊലീസിലേക്കു തിരിച്ചയച്ചിരുന്നെങ്കിലും ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഞായറാഴ്ച വൈകിട്ടോടെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ജാബിനെയും നിബിനെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമായ ശേഷം കോടതിയില്‍ ഹാജരാക്കും.

ആദ്യം നൗഷാദിനു വേണ്ടി പ്രവര്‍ത്തിച്ച ജാബിന്‍ പിന്നീടു മറ്റു പലര്‍ക്കു വേണ്ടിയും സ്വര്‍ണം പുറത്തെത്തിച്ചെന്ന് കസ്റ്റംസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.സി. ഐപ്പ്, അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബിജു എന്നിവര്‍ പറഞ്ഞു. 

വന്‍തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരടക്കം മുപ്പതോളം പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.