Latest News

വ്രതശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍

കാസര്‍കോട്:[www.malabarflash.com] വിശുദ്ധിയുടെ വെണ്മ തൂവിയ നോമ്പുകാലത്തിനു പിന്നാലെ വിശ്വാസിയുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ അമ്പിളിക്കല വിടര്‍ത്തി ശനിയാഴ്ച ചെറിയ പെരുന്നാള്‍. വ്രതം നല്‍കിയ ആത്മവിശുദ്ധിയുടെ നിറവില്‍ പെരുന്നാളിനെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് വിശ്വാസികള്‍. 

റമസാനിലെ അവസാന വെള്ളിയാഴ്ച വിശ്വാസികള്‍ നിറ കണ്ണുകളോടെ യാത്ര ചോദിച്ചു. പുണ്യ മാസത്തില്‍ അഞ്ചു വെള്ളിയാഴ്ച ലഭിച്ചുവെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ആത്മശുദ്ധിയും സംസ്‌കരണവും സമ്മാനിച്ച ഊര്‍ജവുമായാണ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഈദുല്‍ ഫിത്വറിനെ മുസ്‌ലിം ലോകം വരവേല്‍ക്കുന്നത്. തന്റെ ചുറ്റുവട്ടത്താരും പട്ടിണിയില്ലെന്ന് ഉറപ്പുവരുത്തുന്ന വിശ്വാസിയുടെ ജാഗ്രതയാണ് ഈ സുദിനത്തെ വേറിട്ടതാക്കുന്നത്.

മുപ്പതു ദിവസത്തെ വ്രതത്തിലൂടെ പട്ടിണിയുടെ വിലയറിഞ്ഞ വിശ്വാസി പാവപ്പെട്ടവന് ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്ത് അവന്റെ കടമ നിറവേറ്റുകയും വേണം. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്തോഷം. പുതുവസ്ത്രങ്ങളണിഞ്ഞു മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക.

മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചും പുത്തനുടുപ്പിന്റെ പുതുക്കവുമായി ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറും. രാവിലെ വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ വെളളിയാഴ്ചയായിരുന്നു പെരുന്നാള്‍. ഒമാനില്‍ ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.