Latest News

തീരദേശത്ത് വീശിയത് ഉപ്പുകാറ്റ്: സിപിസിആര്‍ഐ

കാസര്‍കോട്: [www.malabarflash.com] കനത്തമഴയിലും സംസ്ഥാനത്തിന്റെ തീരദേശങ്ങളിലെ ചെടികളും മരങ്ങളും വ്യാപകമായി ഉണങ്ങിയതിനു കാരണം കടലില്‍ നിന്നു വീശിയ ഉപ്പുകാറ്റാണെന്നു കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സിപിസിആര്‍ഐ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന സാന്ദ്രതയിലുള്ള ഉപ്പ് ഇലകളില്‍ തങ്ങി നിന്നതു മൂലമാണ് ചെടികള്‍ വ്യാപകമായി ഉണങ്ങിയതെന്നും മഴ കുറഞ്ഞതും ഇതിനു കാരണമായെന്നും വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ പറയുന്നു.

സിപിസിആര്‍ഐ ബയോകെമിസ്ട്രി ആന്‍ഡ് പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. കെ.ബി. ഹെബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ മാസത്തില്‍ കടലില്‍ നിന്നു വന്‍തോതില്‍ ഇത്തരത്തില്‍ ഉപ്പുകാറ്റ് കരയിലേക്ക് അടിക്കാറുണ്ട്. കാറ്റില്‍ എത്തുന്ന ഉപ്പുകണങ്ങള്‍ തീരപ്രദേശത്തെ ചെടികളിലും മറ്റും തട്ടിനില്‍ക്കാറുണ്ടെങ്കിലും കനത്ത മഴയില്‍ ഒലിച്ചു പോകാറാണു പതിവ്. ഇത്തവണ പതിവുപോലെ ജൂണ്‍ രണ്ടും മൂന്നും ആഴ്ചകളില്‍ ഉപ്പുകാറ്റ് അടിച്ചെങ്കിലും മഴ കുറവായതിനാല്‍, സാന്ദ്രതയേറിയ ഉപ്പുകണങ്ങള്‍ ചെടികളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരുന്നു. കനത്തചൂട് കൂടി അനുഭവപ്പെട്ടതോടെ ചെടികളുടെ ഇലകള്‍ വാടിക്കരിയുകയായിരുന്നു.

പ്രതിരോധശേഷി കുറവായ വാഴ, പപ്പായ, നാരകം, വേപ്പ് തുടങ്ങിയ ചെടികളിലാണ് ഉപ്പുകാറ്റ് കൂടുതല്‍ ബാധിച്ചത്. തെങ്ങ്, കമുക്, മാവ്, കശുമാവ് പോലുള്ള മരങ്ങള്‍ക്ക് ഉപ്പുകാറ്റ് മൂലമുണ്ടായ ദുരിതം താരതമ്യേന കുറവാണ്. തീരങ്ങളില്‍ ഉപ്പുകാറ്റും കടല്‍ക്ഷോഭവും തടയുന്നതിനു വ്യാപകമായി കാറ്റാടിമരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് ഏറെ പ്രയോജനകരമാണെന്നു സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ പറഞ്ഞു.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.