Latest News

ഇരുപത്തിയേഴാം രാവിന്റെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍

കാസര്‍കോട്: [www.malabarflash.com]റമസാനിലെ പുണ്യരാവായ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന 27ാം രാവിനെ വിശ്വാസികള്‍ പ്രാര്‍ഥനാകളും സല്‍കര്‍മങ്ങളും കൊണ്ട് ചൈതന്യവത്താക്കി. പള്ളികളും വീടുകളും പ്രാര്‍ഥനകളാല്‍ നിറഞ്ഞു.

ഖുര്‍ആന്‍ അവതരിച്ച ദിവസമാണ് ലൈലത്തുല്‍ ഖദ്ര്‍. നരക മോചനത്തിന്റെ ശ്രേഷ്ഠ ദിനങ്ങളില്‍ ഖദ്‌റിന്റെ രാത്രിയെ പ്രതീക്ഷിച്ച് ഓരോ നിമിഷവും വിശ്വാസികള്‍ പ്രാര്‍ഥനാ പൂര്‍ണമാക്കി. തറാവീഹ് നിസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമായി വിശ്വാസികള്‍ പള്ളിയില്‍ തന്നെ രാപാര്‍ത്തു. 

ജീവിതത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പാപമോചനം തേടിയും സല്‍കര്‍മങ്ങള്‍ ചെയ്തും ആരാധനാ കര്‍മങ്ങളില്‍ മുഴുകിയും വിശുദ്ധ രാവിനെ പ്രകാശപൂരിതമാക്കി. ഖബര്‍ സിയാറത്ത് നടത്തി പരേതരുടെ പാരത്രികലോക വിജയത്തിനു വേണ്ടി പ്രാര്‍ഥിച്ചും സകാത്തും ദാന ധര്‍മങ്ങള്‍ നല്‍കിയും വിശ്വാസികള്‍ 27ാം രാവില്‍ പുണ്യം നേടാന്‍ മത്സരിച്ചു.

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഖബറുകളില്‍ സന്ദര്‍ശനം നടത്തി, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പള്ളിപ്പറമ്പുകളിലേക്ക് ഒഴുകിയെത്തി. പ്രാര്‍ഥനാ സംഗമങ്ങളില്‍ പങ്കെടുത്തും പാപമോചനത്തിനായി കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചും ആത്മ നിര്‍വൃതി നേടി. മിക്കയിടങ്ങളിലും പള്ളികളിലും മറ്റുമായി തൗബ (പാപമോചനത്തിനുള്ള പ്രത്യേക പ്രാര്‍ഥന)യും സംഘടിപ്പിച്ചിരുന്നു.

കുറ്റങ്ങളും തെറ്റുകളും സങ്കടങ്ങളും സര്‍വശക്തനിലര്‍പ്പിച്ച് പാപ മോചനത്തിന്റെയും പശ്ചാത്താപത്തിന്റെയും മനസ്സുമായി കരങ്ങളുയര്‍ത്തി അവര്‍ പ്രാര്‍ഥനയില്‍ മുഴുകി.

27ാം രാവിന്റെ ഭാഗമായി പള്ളികളില്‍ തസ്ബീഹ് നിസ്‌കാരം, സ്വലാത്ത് മജ്‌ലിസ്, ദിക്ര്‍ ഹല്‍ഖ, ദുആ മജ്‌ലിസ് എന്നിവ സംഘടിപ്പിച്ചിരുന്നു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.