Latest News

നോമ്പുതുറ കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്കില്‍ ലോറിയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

വളാഞ്ചേരി;[www.malabarflash.com] ദേശീയപാതയില്‍ വട്ടപ്പാറ അടിയില്‍ ബൈക്കിനു പിന്നില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. നോമ്പുതുറ കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. കാവുംപുറം കാളിയാല ചോലക്കല്‍ സ്വദേശി പാറക്കല്‍ ഉസ്മാന്‍ (33), ഭാര്യ ഫൗസിയ (30), മകള്‍ നിഹാല (12) എന്നിവരാണു മരിച്ചത്. കഞ്ഞിപ്പുരയിലുള്ള ഉസ്മാന്റെ സഹോദരിയുടെ വീട്ടില്‍നിന്നു നോമ്പുതുറ കഴിഞ്ഞു മടങ്ങുമ്പോള്‍ ഞായറാഴ്ച രാത്രി പത്തിനായിരുന്നു അപകടം. പരുക്കേറ്റ ലോറി ഡ്രൈവര്‍ പ്രമോദ് (26) വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഞ്ഞിപ്പുരയില്‍നിന്ന് കാളിയാലയിലെ വീട്ടിലേക്കു വരികയായിരുന്ന ഉസ്മാന്റെ ബൈക്ക് കാവുംപുറം പാലത്തിനു സമീപമുള്ള വേഗനിയന്ത്രണ വരമ്പുകളില്‍ കയറി ഇറങ്ങുന്നതിനിടെ പിന്നില്‍നിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി എതിര്‍ ഭാഗത്തുനിന്നു വന്ന മറ്റൊരു ലോറിയിലും ഇടിച്ചു.

ലോറിക്കടിയില്‍പ്പെട്ട ഉസ്മാനെയും കുടുംബത്തെയും ഓടിക്കൂടിയ നാട്ടുകാര്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂര്‍ ഗതാഗതം മുടങ്ങി. തിരൂരില്‍നിന്ന് അഗ്നിശമന സേനയും വളാഞ്ചേരി പൊലീസും സംഭവസ്ഥലത്തെത്തി.


നോമ്പുതുറയ്ക്ക് ഇവരോടൊപ്പംപോയ മൂത്ത മകന്‍, ഉസ്മാന്റെ സഹോദരിയുടെ വീട്ടില്‍ത്തന്നെ താമസിക്കുകയായിരുന്നു. ഉസ്മാന്‍ ദുബായില്‍നിന്നു നാട്ടിലെത്തിയിട്ടു നാലു ദിവസമേ ആയിട്ടുള്ളൂ. ഇവര്‍ പുതിയതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം പെരുനാളിനുശേഷം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

അപകടവാര്‍ത്തയറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. മൃതദേഹങ്ങള്‍ വളാഞ്ചേരി നടക്കാവ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.