Latest News

വൈദ്യുതി മുടക്കം പതിവായി; എം.എല്‍.എയെ ജനക്കൂട്ടം കസേരയില്‍ കെട്ടിയിട്ടു

യു.പി: [www.malabarflash.com] തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വ ജീവികളാണ് രാഷ്ട്രീയ നേതാക്കള്‍ എന്നാണ് ചില അരാഷ്ട്രീയ വാദികളുടെ പരിഹാസം. ഇത് ചിലരുടെയെങ്കിലും കാര്യത്തില്‍ സത്യവുമാണ്. വോട്ടു ചോദിച്ച് ജനങ്ങളുടെ അടുത്തെത്തുമ്പോള്‍ വരം കൊടുക്കുന്നതുപോലെ വാഗ്‌ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന ഇത്തരം ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വന്ന വഴി തിരിഞ്ഞുനോക്കാറുപോലുമില്ല. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇത്തരക്കാരെ പഴിച്ചും ശപിച്ചും കാലം തള്ളിനീക്കാറാണ് മിക്കവാറും ജനങ്ങളുടെ വിധി.

എന്നാല്‍ ഉത്തര്‍പ്രദേശിലെ ചന്ദൌലിയിലെ ജനങ്ങളെ ഇതിനൊന്നും കിട്ടില്ല. വൈദ്യുതി മുടക്കം പതിവായതില്‍ ചന്ദൌലിയിലെ മാത്രമല്ല, സമീപ പ്രദേശങ്ങളിലെ ജനങ്ങളും കഴിഞ്ഞ കുറേ നാളുകളായി രോഷാകുലരായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും കണ്ടില്ല.

തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ വോട്ടുചെയ്തു ജയിപ്പിച്ച എം.എല്‍.എയെയും കണ്ടില്ല. അങ്ങനെയിരിക്കെയാണ് ഈദ് ദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ എത്തിയ ബി.എസ്.പി എം.എല്‍.എ പവന്‍ ചൌഹാനെയും പ്രാദേശിക കൌണ്‍സിലര്‍ ക്യാമുദ്ദീന്‍ ബാബന്‍ സിങ് ചൌഹാനെയും ജനക്കൂട്ടം കസേരയില്‍ പിടിച്ചുകെട്ടിയിട്ടത്. 

ഒരു മണിക്കൂറോളം കസേരയില്‍ ബന്ധിച്ച നിലയില്‍ എം.എല്‍.എയ്ക്കു കഴിച്ചുകൂട്ടേണ്ടിവന്നു. ഇതിനിടെ പൊലീസെത്തിയെങ്കിലും ജനപ്രതിനിധിയെ മോചിപ്പിക്കാനായില്ല. ഒടുവില്‍ വൈദ്യുതി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം എം.എല്‍.എയെ മോചിപ്പിച്ചത്.
Advertisement

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.