Latest News

കണ്ണൂര്‍ ചൊക്ലിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

കണ്ണൂര്‍:[www.malabarflash.com] വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ബേക്കറി തൊഴിലാളിയായ സി.പിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ പൂവ്വക്കല്‍ ജയേഷ് ബാബു(42)കുത്തേറ്റുമരിച്ചു.

സംഭവത്തില്‍ തിരുവനന്തപുരം കടകംപള്ളി വടക്കേക്കുന്നില്‍ വീട്ടില്‍ വിജയനെ (48) ചൊക്‌ളി പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്‌ളി കുറ്റിയില്‍ പീടികയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.

നെഞ്ചത്തും താടിക്കും കുത്തേറ്റ ജയേഷ് ബാബുവിനെ ആദ്യം ചൊക്‌ളി മെഡിക്കല്‍ സെന്ററിലും പിന്നീട് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
കോയമ്പത്തൂരിലെ കടയില്‍ ജോലി ചെയ്യുന്ന ജയേഷ് ബാബു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സി.പി.എം പ്രവര്‍ത്തകനായിരുന്നു. കുറ്റിയില്‍ പീടികയിലെ കടയിലിരിക്കുമ്പോള്‍ മദ്യലഹരിയിലെത്തിയ വിജയന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇതിനു മുമ്പ് ഇരുവരുംതമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

കടയ്ക്ക് പിന്നിലെ വാടകമുറിയിലാണ് തേപ്പ് തൊഴിലാളിയായ വിജയന്റെ താമസം. വര്‍ഷങ്ങളായി ഈ ഭാഗത്താണ് ജോലി ചെയ്യുന്നത്.
പരേതനായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ് ജയേഷ് ബാബു. ഭാര്യ:ഗ്രീഷ്മ.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.