Latest News

ഇലക്കറികള്‍ വിളമ്പി ചെറുവത്തൂരില്‍ ഉത്രാടസദ്യ

ചെറുവത്തൂര്‍: [www.malabarflash.com] ഇലകളുടെ മാഹാത്മ്യം വിളിച്ചോതി ചെറുവത്തൂരില്‍ വ്യത്യസ്തമായ ഉത്രാട സദ്യ. 300 ല്‍പ്പരം ആളുകള്‍ക്ക് ഉത്രാട ദിനത്തില്‍ ഇലക്കറി സദ്യവിളമ്പിയാണ് ഓണത്തെ ഇവര്‍ വരവേറ്റത്.

നമ്മുടെ ഭക്ഷണ മേശകളില്‍ നിന്നും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നതും തൊടികളില്‍ ലഭ്യമാകുന്നതുമായ എഴുപതോളം ഇലകള്‍ ശേഖരിച്ച് തയ്യാറാക്കിയതായിരുന്നു സദ്യ. പൊന്നാങ്കണി, ചേനയില, ചേമ്പില, താള്‍, തകര, വേലിച്ചീര, കൊടങ്ങല്‍ അഥവാ മുച്ചിള്‍, മുരിങ്ങയിലെ, അഗത്തി ചീര, അയഡിന്‍ ചീര, കൊടിത്തൂവ, ആരോഗ്യ ചീര, ബത്താ ചീര, സാമ്പാര്‍ ചീര, കറുകപുല്ല് തുടങ്ങി നിരവധി ഇലകള്‍ക്കൊപ്പം വാഴകാമ്പ്, കൂമ്പ്, ചക്കക്കുരു, പപ്പായ തുടങ്ങിയവയും ചേര്‍ത്തു വച്ച ഇലക്കറികള്‍ വിളമ്പി.


താള്‍ പുളിശ്ശേരിയും, മുരിങ്ങയില ചക്കക്കുരു കൂട്ടുകറിയും, താള്‍, വേലിച്ചീര ഉള്‍പ്പെടെയുള്ള വിവിധതരം ചീരകളുടെയും ഉപ്പേരികള്‍, മുച്ചിള്‍ ചമ്മന്തി തുടങ്ങി ചോറിന് വിഭവങ്ങള്‍ നിരവധിയുണ്ടായിരുന്നു. 

ഇതിന് മുന്നോടിയായി സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന ജൈവ കര്‍ഷകന്‍ കെ.ബി.ആര്‍. കണ്ണന്‍, ഔഷധ ചെടി സംരക്ഷകന്‍ എം.വി.ചന്ദ്രന്‍ എന്നിവര്‍ ഇലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസുകളും എടുത്തു. കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന ഗവേഷണ വിഭാഗമായ കെയ്‌റോസ്, ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞാണംകൈയിലെ തിമിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇല മാഹാത്മ്യം എന്ന പേരില്‍ ഉത്രാട സദ്യയും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചത്.
ഇലക്കറികളുടെ പ്രാധാന്യം സമൂഹത്തില്‍ തിരിച്ചറിവുണ്ടാക്കുക ഇവയുടെ ഔഷധ മൂല്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇല മാഹാത്മ്യം സംഘടിപ്പിച്ചത് .
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെയ്‌റോസ് കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഡോ.ജില്‍സന്‍ പനക്കല്‍ അധ്യക്ഷനായിരുന്നു.

 കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.ഗംഗാധരന്‍, കെയ്‌റോസ് പി.ആര്‍.ഒ. കെ.വി.ചന്ദ്രന്‍, കെയ്‌റോസ് മേഖലാ കോഓര്‍ഡിനേറ്റര്‍ എം.ഷാജി, വിവിധ മേഖലകളിലെ മികവിന് പത്രപ്രവര്‍ത്തകന്‍ ഉറുമീസ് തൃക്കരിപ്പൂര്‍, ജൈവ കര്‍ഷകന്‍ കെ.ബി.ആര്‍.കണ്ണന്‍, കര്‍ഷക ലതാഭാസ്‌കര്‍ മാടായി എന്നിവരെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിച്ചു. കെയ്‌റോസ് കോഓഡിനേറ്റര്‍ പി.ഡോമിനിക്, മേഖല ഫെഡറേഷന്‍ സെക്രട്ടറി ജോയ് കനകപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.