Latest News

ഹനീഫ വധം: മുഖ്യപ്രതി അന്‍സാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

തൃശൂര്‍: [www.malabarflash.com] ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ അന്‍സാറിനെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു. പുത്തന്‍കടപ്പുറത്തെ സ്വന്തം വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടിയത്. അന്‍സാറിനായി പൊലീസ് നാടൊട്ടുക്ക് തിരച്ചില്‍ നടത്തിയിരുന്നു. അന്‍സാറിനെക്കൂടാതെ, ഫസലു, സച്ചിന്‍, ഷാഫി എന്നിവരാണ് മുഖ്യപ്രതികള്‍.

അതേസമയം, ഹനീഫ വധക്കേസ് പ്രത്യേക അന്വേഷകസംഘാഗമായിരുന്ന ചാവക്കാട് സിഐ അബ്ദുല്‍ മുനീറിനെ സ്ഥലംമാറ്റി. മുനീറിനെ സ്ഥലംമാറ്റണമെന്ന് ഹനീഫയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍ സിഐ കെ.സുദര്‍ശനും സ്ഥലംമാറ്റമുണ്ട്.

ഹനീഫ കൊലപാതകത്തെ തുടര്‍ന്നുണ്ടായ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായി. ഡിസിസിയുടെ പരിപാടികളുമായി സഹകരിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. എഐസിസി സെക്രട്ടറി ദീപക് ബാബ്‌റിയയും സി.എന്‍.ബാലകൃഷ്ണനുമായി ചര്‍ച്ചനടത്തിയിരുന്നു. ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കെപിസിസി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ നിന്നും സി.എന്‍.ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു.


ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് എ ഗ്രൂപ്പുകാരനായ എ.സി.ഹനീഫ കുത്തേറ്റു മരിച്ചത്. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ഏകപക്ഷീയമായി കുറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും മന്ത്രി സി.എന്‍.ബാലകൃഷ്ണനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഐ ഗ്രൂപ്പ് തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്നുവിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.