Latest News

തസ്‌നിയുടെ മരണത്തിന്റെ നടുക്കത്തിലും അടൂരില്‍ അപകടകരമായ ഓണാഘോഷം

അടൂര്‍:[www.malabarflash.com] തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) വിദ്യാര്‍ഥിനി തസ്‌നി ബഷീറിന്റെ മരണത്തിനിടയാക്കിയ അതിരുകടന്ന ഓണാഘോഷത്തിന്റെ നടുക്കം മായും മുന്‍പ് അടൂര്‍ മണക്കാല ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലും അപകടകരമായ ഓണാഘോഷം.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അഗ്‌നിശമനസേനയുടെ ഫയര്‍ എന്‍ജിനും കെഎസ്ആര്‍ടിസി ബസും ക്രെയിനും ട്രാക്ടറുമൊക്കെ വാടകയ്‌ക്കെടുത്ത് അതിന്‍മേല്‍ കയറിനിന്നാണ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചത്.

കറുത്ത ഉടുപ്പും ചുവന്ന മുണ്ടും ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. മണക്കാല വെള്ളക്കുളങ്ങര ജംക്ഷനു സമീപത്തുനിന്ന് കോളജിലേക്കായിരുന്നു അസാധാരണ ഘോഷയാത്ര. ഫയര്‍ എന്‍ജിന്‍, ക്രെയിന്‍, ട്രാക്ടര്‍ എന്നിവയുടെ മുകളിലും കെഎസ്ആര്‍ടിസി ബസിലും കയറി നടത്തിയ ഘോഷയാത്രയില്‍ പെണ്‍കുട്ടികളും മാവേലി വേഷക്കാരും ഉണ്ടായിരുന്നു. കോളജിന്റെ അടുത്തെത്തിയപ്പോള്‍ ഫയര്‍ എന്‍ജിനില്‍ നിന്ന് വെള്ളം ചീറ്റിച്ച് ആയിരുന്നു ആഘോഷം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അപകടയാത്ര തടയാന്‍ ഒന്നും ചെയ്തില്ല.


10,000 രൂപ ട്രഷറിയില്‍ കെട്ടിവച്ചാണ് വിദ്യാര്‍ഥികള്‍ ഫയര്‍ എന്‍ജിന്‍ വാടകയ്‌ക്കെടുത്തത്. വെള്ളം പമ്പ് ചെയ്യുന്നതിന് രണ്ടായിരം രൂപ വേറെയും അടച്ചിരുന്നു. കോളജ് വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷത്തിന് ഫയര്‍ എന്‍ജിന്‍ കൊടുത്തതിന് ഫയര്‍ ഫോഴ്‌സ് ഡിജിപി ഡോ. ജേക്കബ് തോമസ് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച മൂന്നു മണിക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം കോട്ടയം ഡിവിഷനല്‍ ഓഫിസര്‍ എന്‍. വി. ജോണിനോട് ആവശ്യപ്പെട്ടു. 

വാഹനത്തില്‍ അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇത്തരം ആഘോഷങ്ങള്‍ക്ക് അഗ്‌നിശമന സേനയുടെ വാഹനം ഉപയോഗിക്കുന്നത് സേനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കുമെന്നും ഡിജിപി പറഞ്ഞു. ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.