Latest News

അജ്മാനില്‍ പാര്‍പ്പിട കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ; മലയാളികളുടേതുള്‍പ്പെടെ ഫ്‌ലാറ്റുകള്‍ കത്തിനശിച്ചു

അജ്മാന്‍: [www.malabarflash.com] അജ്മാന്‍ അല്‍ബുസ്താലെ ഗോള്‍ഡ് സൂഖിനും അജ്മാന്‍ മ്യൂസിയത്തിനും സമീപത്തുള്ള ബുസ്താന്‍ ടവറില്‍ വന്‍ അഗ്‌നിബാധ. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. വന്‍ നാശനഷ്ടം കണക്കാക്കുന്നു.

മൂന്ന് പാര്‍ക്കിങ് നിലയുള്‍പ്പെടെ 20 നിലകളുള്ള കെട്ടിടത്തില്‍ വെളളിയാഴ്ച പുലര്‍ച്ചെ 3.45 നായിരുന്നു അഗ്‌നി പൊട്ടിപ്പുറപ്പെട്ടത്. ഒന്നാം നിലയില്‍ നിന്ന് ആരംഭിച്ച തീ മുകളിലോട്ട് പടര്‍ന്ന് ഒരു ഭാഗത്തുള്ള ഇരുപത് ഫ്‌ലാറ്റുകളെ പൂര്‍ണമായും വിഴുങ്ങി. ഒരു നിലയില്‍ 10 കണക്കെ നാല് ഭാഗത്തുമായി 800 ഫ്‌ലാറ്റുകളുള്ള കെട്ടിടത്തില്‍ മലയാളികള്‍പ്പെടെ നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവരില്‍ മിക്കവരും ഗാഢനിദ്രയിലായിരുന്നതിനാല്‍ അഗ്‌നിബാധയുണ്ടായ വിവരം അറിയാന്‍ അരമണിക്കൂറോളം വൈകി. 

കെട്ടിടത്തിന്റെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അഗ്‌നിബാധ അറിയുന്നത്. ഉടന്‍ എല്ലാവരും താഴേയ്ക്ക് ഇറങ്ങിയോടി. ഇതിനിടെ പുക ശ്വസിച്ച് ഒട്ടേറെ പേര്‍ അസ്വസ്ഥരായി.

ഇന്ത്യക്കാരന്റെ ഫ്‌ലാറ്റില്‍ നിന്നാണ് അഗ്‌നി പൊട്ടിപ്പുറപ്പെട്ടതെന്ന് പറയുന്നു. അഗ്‌നിവിഴുങ്ങിയ ഫ്‌ലാറ്റുകളില്‍ മലയാളികളുടേതുമുള്‍പ്പെടും. പല കുടുംബങ്ങളും വേനലവധിക്ക് നാട്ടിലായതിനാല്‍ അപകം ഒഴിവായി. ഫ്‌ലാറ്റുകളിലുണ്ടായിരുന്ന വില പിടിപ്പുള്ള ഇലക്ട്രോണിക്‌സ് സാധനങ്ങളടക്കം പലതും നഷ്ടമായി. ചിലരുടെ പാസ്‌പോര്‍ട്ടും മറ്റു താമസ കുടിയേറ്റ രേഖകളും നഷ്ടപ്പെട്ടു. പുക ശ്വസിച്ച് അസ്വസ്ഥരായവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

രാവിലെ എട്ടോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തി. ഭീമന്‍ ക്രെയിനുകളുപയോഗിച്ച് വെള്ളം ചീറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ഫ്‌ലാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം അകലേയ്ക്ക് പോലും കേള്‍ക്കമായിരുന്നു. കെട്ടിട നിര്‍മാണത്തിനുപയോഗിച്ചിരുന്ന അലുമിനിയം പാളികളും മറ്റും വീണ് കെട്ടിടത്തിന്റെ താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അഗ്‌നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു.

മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങള്‍ വഴിയാധാരമായി
പാര്‍പ്പിട കെട്ടിടത്തിലെ വന്‍ അഗ്‌നിബാധയില്‍ വഴിയാധാരമായത് മലയാളികളുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങള്‍. ഉടുതുണിയുമായാണ് പലരും തങ്ങളുടെ ഫ്‌ലാറ്റുകളില്‍ നിന്ന് ഇറങ്ങിയോടിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരത്തിലേറെ പേര്‍ സ്‌റ്റെയര്‍കേസ് വഴി താഴേക്ക് ഇറങ്ങാന്‍ പ്രയാസപ്പെട്ടതായി ഇവിടെ താമസിക്കുന്ന കാസര്‍കോട് തളങ്കര സ്വദേശി സുഹൈല്‍ ഹംസ പറഞ്ഞു. രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുഹൈല്‍ ഹംസ അഗ്‌നിബാധയുണ്ടായി അരമണിക്കൂറിലേറെ കഴിഞ്ഞാണ് വിവരമറിഞ്ഞത്. 

കുടുംബം നാട്ടിലായതിനാല്‍ മറ്റൊന്നും ആലോചിക്കാതെ ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍, ഗര്‍ഭിണികളും രോഗികളും പ്രായാധിക്യമുള്ളവരും ചവിട്ടുപടികളിറങ്ങാന്‍ ഏറെ ബുദ്ധിമുട്ടി.

തങ്ങളുടെ സര്‍വവും അഗ്‌നി വിഴുങ്ങുന്നത് തീ പിടിച്ച ഫ്‌ലാറ്റുകളിലെ താമസക്കാര്‍ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. രാവിലെ മുതല്‍ തന്നെ നല്ല ചൂടു അനുഭവപ്പെടുന്നതിനാല്‍ ചിലര്‍ തങ്ങളുടെ വാഹനങ്ങളില്‍ ശീതീകരിണി പ്രവര്‍ത്തിപ്പിച്ചാണ് സമയം ചെലവഴിച്ചത്. മറ്റു ചിലര്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിലേയ്ക്ക് പോയി. 

വൈകിട്ടോടെ രക്ഷാ പ്രവര്‍ത്തനം അവസാനിച്ച് ഫോറന്‍സിക് വിഭാഗം തെളിവെടുത്ത ശേഷമാണ് താമസക്കാരെ അത്യാവശ്യ സാധനങ്ങളെടുക്കാന്‍ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ പുരുഷന്മാര്‍ സ്‌റ്റെയര്‍കേസ് വഴി മുകള്‍ നിലകളിലേയ്ക്ക് പോവുകയായിരുന്നു.

പുത്തന്‍ കെട്ടിടം; ഹോട്ടലില്‍ താമസ സൗകര്യം നല്‍കി
അഗ്‌നിബാധയുണ്ടായത് ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പുത്തന്‍ കെട്ടിടത്തില്‍. വന്‍ വാടക നല്‍കിയാണ് ഇവിടെ ആളുകള്‍ താമസിച്ചിരുന്നത്. കത്തിനശിച്ച ഫ്‌ലാറ്റുകളിലെ താമസക്കാര്‍ക്ക് കെട്ടിട അധികൃതര്‍ നഗരത്തിലെ ഹോട്ടലുകളില്‍ താമസ സൗകര്യം നല്‍കിയതായി മലപ്പുറം കൊടിഞ്ഞി സ്വദേശി റഹീം പറഞ്ഞു. റഹീമിന്റെ സഹോദരന്‍ റഷാദിന്റെ അഞ്ചാം നിലയിലെ ഫ്‌ലാറ്റാണ് കത്തിനശിച്ചത്. രാവിലെ അഞ്ചോടെ പുക ശ്വസിച്ച് ഞെട്ടിയുണര്‍ന്നപ്പോഴാണ് അഗ്‌നിബാധയുണ്ടായത് ഇവരറിയുന്നത്. ഉടന്‍ കുടുംബം താഴേക്കോടി രക്ഷപ്പെടുകയായിരുന്നു.
(കടപ്പാട്: മനോരമ)






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.