Latest News

ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയ സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍: [www.malabarflash.com] തിങ്കളാഴ്ച വൈകുന്നേരം അന്തരീക്ഷത്തിന് ഒരു പ്രത്യേക നിറംമാറ്റമുണ്ടായതായി അഴീക്കോടുകാരില്‍ പലര്‍ക്കും തോന്നിയിരുന്നു. മഴപെയ്ത് ഓണം വെള്ളത്തിലാകുമെന്ന് പലരും പരസ്പരം പറഞ്ഞു. എന്നാല്‍ ഒരു പ്രദേശത്തിന്റെ ഓണം ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങള്‍ക്കും മേലെ ഒരു ദുരന്തം കഴുകനെപ്പോലെ വട്ടമിട്ട് പറക്കുന്നുവെന്നത് അവര്‍ ആരും മനസ്സിലാക്കിയില്ല.

അയലത്തെ വീട്ടില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയവര്‍ അറിഞ്ഞില്ല, അല്‍പ്പം മുമ്പ് കൈക്കുഞ്ഞിനെയുമെടുത്ത് തങ്ങളോട് ചിരിച്ചുനടന്നുപോയ സൗമ്യയുടെ ജീവന്‍ ഭര്‍ത്താവിന്റെ കൊലക്കത്തി അപഹരിച്ചുവെന്നത്. 

എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു. സൗമ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ ഇളയമ്മ ജ്യോതി ഇപ്പോഴും ചികിത്സയിലാണ്. സൗമ്യയുടെ കൈക്കുഞ്ഞിനെ അയല്‍ വീട്ടിലെ അമ്മമാരാണ് നോക്കുന്നത്. മകളുടെ വേര്‍പാട് അറിഞ്ഞശേഷം തളര്‍ന്നുപോയ മാതാവ് സ്വബോധത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.

അഴീക്കല്‍ ലൈറ്റ് ഹൗസിന്റെ പരിസരത്തെ വീടുകളിലെല്ലാം ഇപ്പോഴും ശ്മശാനമൂകതയാണ്. സൗമ്യയുടെ വീട്ടിലേക്കുള്ള വഴിവക്കിലെ ചെറുചെടികള്‍പോലും ഇലയനങ്ങാതെ നിശ്ചലമാണ്.
ഏതാനും കാതം അകലെ വളപട്ടണം സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് വിലപിക്കുകയാണ് ഭര്‍ത്താവ് ചീമേനി സ്വദേശിയായ രതീഷ്. ആര്‍ക്കും ഒരു എത്തും പിടിയും കിട്ടാത്ത ദുരന്തരംഗങ്ങളായിരുന്നു തിങ്കളാഴ്ച നടന്നത്.
തേപ്പ് പണിക്കാരനായ രതീഷും സൗമ്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹശേഷം സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും താമസിക്കുമായിരുന്നു സൗമ്യ. അഴീക്കലിലെ വീട്ടില്‍ ഒറ്റയ്ക്കായ അമ്മയ്‌ക്കൊപ്പം കഴിയാനായിരുന്നു സൗമ്യക്ക് താല്‍പര്യം. ഇത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിന് വഴിവെച്ചിരുന്നു. 

ഒരു കുഞ്ഞ് പിറന്ന ശേഷം 28 ദിവസം മുമ്പ് ഭര്‍തൃവീട്ടിലെത്തിയ സൗമ്യ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരക്കാണ് അഴീക്കലിലെത്തിയത്. സ്വന്തം വീട്ടുകാര്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊയ്തുംകടവിലുണ്ടായിരുന്ന രതീഷ് കോപാകുലനായി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് 40 രൂപയ്ക്ക് കത്തിയും വാങ്ങിയാണ് ഭാര്യ വിട്ടീലേക്ക് പോയത്. 

ഇതിനിടയില്‍ ഭാര്യ വീട്ടിലെത്തിയിട്ടുണ്ടെന്ന് അയല്‍ വീട്ടില്‍ വിളിച്ച് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ രതീഷ് അടുക്കളയിലായിരുന്ന സൗമ്യയെ കിടപ്പുമുറിയിലേക്ക് വിളിച്ച് കൊണ്ടുപോയി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈക്കും കാലിനും വലത് ഭാഗത്തെ നെഞ്ചിനും ആഴത്തിലുള്ള മുറിവാണുള്ളത്. ബഹളം കേട്ട് എത്തിയ സൗമ്യയുടെ മാതവിനെയും ബന്ധുവിനെയും അക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. 

നാട്ടുകാര്‍ ഇടപെട്ട് സൗമ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രതീഷ് ഒപ്പമുണ്ടായിരുന്നു.
ആശുപത്രിയില്‍ വെച്ച് ഭാര്യ മരിച്ചതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സ്ഥലത്തുണ്ടായിരുന്നവര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തിങ്കളാഴ്ച നിര്‍വികാരനായിരുന്ന രതീഷ് ചൊവ്വാഴ്ച കാലത്ത് അബദ്ധം പറ്റിയതാണെന്നും തെറ്റുപറ്റിയെന്നും പൊറുക്കണമെന്നുമെല്ലാം വിളിച്ചുപറയുന്നുണ്ടായിരുന്നു. 

സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കപ്പക്കടവ് ഹരിജന്‍ ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു
വളപട്ടണം സി ഐ കെ വി ബാബു, എസ് ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.