Latest News

കെ.എം അഹ്മദ് സ്മാരക മാധ്യമപുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട്: [www.malabarflash.com] സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞ് സുരക്ഷിത ജോലി രാജിവെച്ച് അരക്ഷിതമായ പത്രപ്രവര്‍ത്തക ജോലി സ്വീകരിച്ചവരാണ് കെ.എം. അഹ്മദും എന്‍.പി. രാജേന്ദ്രനുമെന്ന് പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് നഗരസഭ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാരം മാതൃഭൂമി കോളമിസ്റ്റും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് മറ്റുജോലികളുപേക്ഷിച്ച പത്രപ്രവര്‍ത്തക മേഖലയിലേക്ക് പോകുന്നവരുണ്ടാകാം. എന്നാല്‍ ഒട്ടും ആകര്‍ഷണീയമായ ജോലി അല്ലാത്ത കാലഘട്ടത്തിലാണ് രണ്ടുപേരും സമൂഹത്തോടുള്ള കടമ തിരിച്ചറിഞ്ഞ് പത്രപ്രവര്‍ത്തകരായതെന്ന് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. 

എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി കേരളത്തിലെ മുന്‍നിരയിലുള്ള എഴുത്തുകാര്‍ മുതല്‍ എഴുതിത്തുടങ്ങുന്നവരോട് വരെ സൗഹൃദമുണ്ടാക്കാനും അതുനിലനിര്‍ത്താനും കെ.എം. അഹ്മദിന് കഴിഞ്ഞു. 

അതിമനോഹരമായ ഭാഷയില്‍ അതിവേഗത്തില്‍ എഴുതാനുള്ള കെ.എം. അഹ്മദിന്റെ കഴിവ് അപാരമാണ്. ഞങ്ങള്‍ മുന്നില്‍ ഇരിക്കെ ഞങ്ങളോട് സംസാരിച്ചുകൊണ്ടുതന്നെ ന്യൂസ് പേപ്പറില്‍ വേഗത്തില്‍ പരമ്പരകള്‍ പോലും എഴുതുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സാഹിത്യമേഖലയുമായി പുലര്‍ത്തിയ സമ്പര്‍ക്കം പത്രപ്രവര്‍ത്തനമേഖലയില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം-സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. 

മരിച്ചവര്‍ മരിച്ചുപോകുന്നത് അവരെ മറന്നുപോകുമ്പോഴാണെന്ന ജോര്‍ജ് എലിയേറ്റിന്റെ വാക്കുകളെ എടുത്തുപറഞ്ഞുകൊണ്ടാണ് കെ.എം. അഹ്മദിന്റെ സ്മരണയില്‍ നിറഞ്ഞുകവിഞ്ഞ നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലെ സദസ്സിനെ സി.വി. ബാലകൃഷ്ണന്‍ അഭിമുഖീകരിച്ചത്. 1974 ല്‍ നടന്ന സാഹിത്യ പരിഷത്തിലെ കെ.എം. അഹ്മദ് മാഷുടെ പ്രവര്‍ത്തനത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റഹ്മാന്‍ തായലങ്ങാടി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. 

കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ.ഷാഫി, ജി.ബി വത്സന്‍, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്മദ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, ആയിഷത്ത് റുമൈസ, സൈബുന്നീസ ഹനീഫ്, ജി. നാരായണന്‍, കൗണ്‍സിലര്‍മാരായ പി. രമേശന്‍, എം. സുമതി, മുനിസിപ്പല്‍ സെക്രട്ടറി കെ.പി. വിനയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റഹ്മാന്‍ തായലങ്ങാടി, പി. അപ്പുക്കുട്ടന്‍, പി.വി കൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.