Latest News

പ്രവാസികളുടെ പ്രശ്‌നങ്ങള്‍; കെ.എം.സി.സി നേതാക്കള്‍ മുഖ്യ മന്ത്രിയെ കണ്ടു

കാസര്‍കോട്: [www.malabarflash.com] പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി നേതാക്കള്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. വിമാനക്കമ്പനികളുടെ കൊള്ളലാഭം തടയുക, കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കുക, പ്രവാസികള്‍ക്ക് റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അവസരം ഒരുക്കുക, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് മുഖ്യ മന്ത്രിക്ക് സമര്‍പ്പിച്ചത്.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയോടൊപ്പം യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കര, ജില്ലാ സെക്രട്ടറി ടി.ആര്‍ ഹനീഫ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്ന്യപ്പാടി, സെക്രട്ടറി സത്താര്‍ ആലംപാടി, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഹസ്സന്‍ കുദുവ എന്നീ നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്.

റമസാന്‍, ഓണം, ക്രിസ്തുമസ്, വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും അവധിക്കാലത്തും നാട്ടിലേക്കും തിരിച്ചും ടിക്കറ്റെടുക്കുന്ന പ്രവാസികളോട് വിമാനക്കമ്പനികള്‍ കൊള്ളലാഭമാണ് ഈടാക്കുന്നത്. സാധാരണ നിരക്കില്‍ നിന്നും വിഭിന്നമായി അഞ്ചും ആറും ഇരട്ടിത്തുകയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ചുരുങ്ങിയ ദിവസത്തെ ലീവുള്ള പ്രവാസികള്‍ ഇളവുനാളുകള്‍ക്ക് കാത്തു നില്‍ക്കാതെ പറഞ്ഞ തുകക്ക് ടിക്കറ്റ് എടുക്കേണ്ടി വരുന്നു. ഇത് പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് നിശ്ചിത സമയത്തിനകം തന്നെ തുറന്ന് കൊടുക്കണം.

കുടുംബങ്ങളെയും ഉറ്റവരേയും ഉപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുമെന്ന തീരുമാനത്തെ ഏറെ ആഹ്ലാദപൂര്‍വ്വമാണ് പ്രവാസികള്‍ ഉള്‍ക്കൊണ്ടത്. എന്നാല്‍ ഈതീരുമാനം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പ് വരുത്തണം.

പാസ്‌പോര്‍ട്ട് സംബന്ധമായി കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരമായി കാസര്‍കോട് ആസ്ഥാനമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണം. ഉത്തരമലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയാണ് കാസര്‍കോട്. പാസ്‌പോര്‍ട്ടിന് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിക്കുന്നതും ഈ ജില്ലയില്‍ നിന്നാണ്. കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കാത്തത് ഖേദകരമാണ്.

വിവിധ ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന രേഖയാണ് റേഷന്‍കാര്‍ഡ്. ലക്ഷക്കണക്കിന് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പോരില്ലാത്തത് മൂലം പ്രയാസം അനുഭവിക്കുന്നു. റേഷന്‍ കാര്‍ഡ് പുതുക്കുന്ന വേളയില്‍ നാട്ടില്ലാത്തത് മൂലം അവസരം നഷ്ടപ്പെട്ടവര്‍ ഇത്തരത്തില്‍ കഷ്ടപ്പാട് അനുഭവിക്കുകയാണ്. പ്രവാസി മലയാളികളുടെ പേര് റേഷന്‍കാര്‍ഡില്‍ചേര്‍ക്കാനും റേഷന്‍ കാര്‍ഡ് കയ്യിലുള്ളവര്‍ക്ക് അവ പുതുക്കുന്നതിനും അവസരം ലഭ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി മലയാളികള്‍ നേരിടുന്ന ദുരിതവും പ്രയാസങ്ങളും കേരളത്തിന്റെ വേദനയാണെന്നും അവ പഠിച്ച് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി കെ.എം.സി.സി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. 

പ്രവാസികള്‍ കേരളത്തിന്റെ സമ്പത്താണെന്നും പ്രവാസികള്‍ക്ക് വേണ്ടി എന്നും അനൂകൂല നിലപാട് എടുത്ത സര്‍ക്കാരാണിതെന്നും മുഖ്യ മന്ത്രി പറഞ്ഞു. വിമാനക്കമ്പനികളുടെ കൊള്ളലാഭം തടയണമെന്നാവശ്യപ്പെട്ടും കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി.




Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.