Latest News

ജന്മനാട് വിട നല്‍കി; തസ്‌നി ഇനി കണ്ണീരോര്‍മ

എടക്കര:[www.malabarflash.com] തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ജീപ്പു തട്ടി മരിച്ച വിദ്യാര്‍ഥിനി തസ്‌നിക്ക് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. തസ്‌നിയെ അവസാനമായി ഒരുനോക്ക് കാണാന്‍ നാടുമുഴുവന്‍ ശനിയാഴ്ച രാവിലെ വഴിക്കടവ് പഞ്ചായത്ത് അങ്ങാടി കുന്നത്ത് പുല്ലഞ്ചേരി വീട്ടിലേക്ക് ഒഴുകിയെത്തി.

തസ്‌നിക്ക് ജീപ്പ് തട്ടി അപകടം സംഭവിച്ചെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ നാട്ടുകാര്‍ ഉത്കണ്ഠയിലായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഒന്നും സംഭവിക്കരുതെന്ന പ്രാര്‍ഥനയിലായിരുന്നു ഇവര്‍. എന്നാല്‍ പ്രാര്‍ഥനകള്‍ വിഫലമാക്കി വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് തസ്‌നി മരിച്ചത്.

ദുഃഖം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന പിതാവ് ബഷീര്‍, ഉമ്മ തനൂജ, സഹോദരങ്ങളായ മുഹമ്മദ് റാഫി, ഫാത്തിമ, അമീന്‍ എന്നിവരെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മകള്‍ എന്‍ജിനീയറാകുന്ന സ്വപ്‌നം പൊലിഞ്ഞതില്‍ മനംനൊന്ത് കരയുന്ന ഇവരെ ആശ്വസിപ്പിക്കാനാവാതെ എല്ലാവരും വിഷമിച്ചു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം വഹിച്ച ആംബുലന്‍സ് തിരുവനന്തപുരത്തെ ആസ്​പത്രിയില്‍നിന്നും വഴിക്കടവിലെ വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം മുറ്റത്തെ പന്തലില്‍ പൊതു ദര്‍ശനത്തിനായി വെച്ചത്. മകളുടെ മൃതദേഹം തന്നോട് ചേര്‍ത്ത് പിടിച്ച് കരയുന്ന ബഷീറിന്റെ വേദന അവിടെ കൂടിയവരുടെ കണ്ണുനനയിച്ചു. മകള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞാണ് ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ബഷീര്‍ നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 9ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മണിമൂളി റഹ്മാനിയ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.




 
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.