Latest News

രാജ്യത്ത്‌ ആര്‍.എസ്‌.എസ്‌. ശാഖകളുടെ എണ്ണത്തില്‍ വര്‍ധന; കേരളം മുന്നില്‍

ന്യൂഡല്‍ഹി:[www.malabarflash.com] ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത്‌ ആര്‍.എസ്‌.എസ്‌. ശാഖകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സംഘടനയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്‌ കേരളത്തിലാണ്‌-4,500. രാജ്യത്തുടനീളം ദിവസേന 51,335 ശാഖകള്‍ നടക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2010-11 കാലയളവിനെ അപേക്ഷിച്ച്‌ 2014-15 വര്‍ഷത്തില്‍ ദിവസേന നടക്കുന്ന ശാഖകളുടെ എണ്ണത്തില്‍ 29 ശതമാനവും പ്രതിവാര ശാഖകളില്‍ 61 ശതമാനവും വര്‍ധനയുണ്ടായി. മാസത്തിലൊരിക്കല്‍ നടക്കുന്ന ശാഖകളുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. മുംബൈയില്‍ ദിവസേനയുള്ള ശാഖകളുടെ എണ്ണത്തില്‍ 34 ശതമാനവും പ്രതിവാര ശാഖകളുടെ എണ്ണത്തില്‍ 70 ശതമാനവും വര്‍ധനയുണ്ടായി. നവി മുബൈയില്‍ ദിവസേനയുള്ള ശാഖകളുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ ഇരട്ടിയായി.

2013-2014, 2014-2015 കലയാളവിലാണ്‌ ശാഖകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്‌. അതേസമയം, ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും ആര്‍.എസ്‌.എസ്സിന്റെ വളര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു ആര്‍.എസ്‌.എസ്‌. കൊങ്കണ്‍ ഡിവിഷന്‍ വക്‌താവ്‌ പ്രമോദ്‌ ഭാപത്‌ പറഞ്ഞു.

പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ്‌ ഭരണമാണ്‌ ആര്‍.എസ്‌.എസിന്റെ വളര്‍ച്ചയ്‌ക്കു പിന്നിലെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. നഗരങ്ങളില്‍ മാത്രമല്ല രാജ്യത്തെ അമ്പത്തയ്യായിരത്തോളം ഗ്രാമങ്ങളിലും ശാഖകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്‌.എസിന്റെ സാന്നിധ്യം വര്‍ഷങ്ങളായി ഇല്ലാതിരുന്ന പശ്‌ചിമ ബംഗാളിലും ശാഖകള്‍ വളരുന്ന സാഹചര്യമാണുള്ളത്‌.

കേന്ദ്രത്തില്‍ ബി.ജെ.പി. ഭരിക്കുന്നതിനാല്‍തന്നെ സമസ്‌ത മേഖലകളിലേക്കും അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ആര്‍.എസ്‌.എസ്‌. വലിയ മുന്നേറ്റം നടത്തുമെന്ന്‌ മുതിര്‍ന്ന ആര്‍.എസ്‌.എസ്‌. നേതാവ്‌ നാരായണ്‍ സാമന്ദ്‌ അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും വലിയ മുന്നേറ്റം നടത്താന്‍ ആര്‍.എസ്‌.എസിനു കഴിഞ്ഞിട്ടുണ്ട്‌.
സംഘടനയുടെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ട്വറ്ററില്‍ ഒന്നരലക്ഷത്തിലധികം പേരാണ്‌ ആര്‍.എസ്‌.എസിനെ പിന്‍തുടരുന്നത്‌. വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകളിലും ആര്‍.എസ്‌.എസ്‌. സജീവമാണ്‌.




Keywords: National, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.