Latest News

കാലം മാറി, പ്രചരണ തന്ത്രങ്ങളും മാറി

പഴയ പ്രചരണ തന്ത്രങ്ങള്‍ക്ക് വയസ്സായി. ഇന്നിപ്പോള്‍ സ്ഥാനാര്‍ത്ഥികളേയും അവരുടെ ചിഹ്നങ്ങളും അഭ്യര്‍ത്ഥനകളും മറ്റും പരിചയപ്പെടാന്‍ പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണിന്റെ ബിപ്പ്ബിപ്പ് ശബ്ദം ശ്രദ്ധിച്ചാല്‍ മാത്രം മതി.[www.malabarflash.com]

ഇരുട്ടിനിടയില്‍ കത്തിച്ചു പിടിച്ച ടയര്‍ തരുന്ന തീപന്തത്തിന്റെ വെളിച്ചത്തില്‍ കയ്യാലകളില്‍ ഉരുത്തിരിയുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നങ്ങളും ചുരത്തുന്ന കരവിരുതുകളുടെ ആസ്വാദന കാലം കഴിയുന്നു. കുമ്മായവും കരിക്കട്ടകളും നാടു നീങ്ങുന്നു. രാഷ്ട്രീയവും അവരുടെ പ്രചരണ ആയുധങ്ങളും ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്.

മുമ്പൊക്കെ സ്ഥാനാര്‍ത്ഥികളുടെ വിജയപ്രതീക്ഷകളെ നിയന്ത്രിച്ചിരുന്നത് എക്‌സിറ്റ് പോളും മറ്റുമായിരുന്നില്ല, മറിച്ച് ചുമരെഴുത്തുകളുടെ ബാഹുല്യവും ഭംഗിയും അതുയര്‍ത്തി വിടുന്ന ചര്‍ച്ചകളുമായിരുന്നു. കുറ്റിച്ചൂല് കുമ്മായത്തില്‍ മുക്കി കയ്യാലകളില്‍ വെള്ള പൂശും. തെങ്ങിന്റെ മെഡലും കുരച്ചിലും ചെത്തി മിനുക്കി ബ്രഷുണ്ടാക്കും. ഇന്നവയൊക്കെ തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു. ബ്രഷില്‍ നിന്നും റോളറിലേക്കും, അവിടെ നിന്നും വിട്ട് പ്ലക്‌സിലേക്കും കടന്നു ചെന്നപ്പോള്‍ തെങ്ങില്‍ വലിച്ചു കെട്ടി ചെറുകാറ്റില്‍ കൂഞ്ഞാനമാടുന്ന തുണിപോസ്റ്റുകളും ഇല്ലാതെയായി. 

പശുവും കിടാവും കോണ്‍ഗ്രസിന്റെ ചിഹ്നമായിരുന്ന കാലത്ത് അവ നിര്‍മ്മിക്കാന്‍ വെള്ളക്കോറ തുണിയില്‍ നില നിറത്തിലുള്ള ചായത്തിന്റെ കരവിരുത്, അതല്ലെങ്കില്‍ തേപ്പ് തേച്ച് മിനുക്കിയ മതില്‍ തന്നെ വേണമായിരുന്നുവെങ്കില്‍ അരിവാളിന് അതു വേണ്ട. അര്‍ദ്ധ വൃത്തത്തില്‍ രണ്ടു വര കോറിയാല്‍ ചിഹ്നങ്ങളായി. അരിവാളും കതിരിനേക്കാളും എളുപ്പമാണ് സി.പി.എമ്മിന്റെ നക്ഷത്രം തീര്‍ക്കാന്‍. വിരലുകളില്‍ വിരിയുന്ന കലയുടെ ചിഹ്നങ്ങള്‍ തെരുവു ചായപ്പീടികയിലെ സജീവ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. പശുവിന്‍ കിടാവും വിട്ട് കോണ്‍ഗ്രസ്സ് കൈയടയാളവും, ദീപം താമരയുമായി മാറിയപ്പോഴേക്കും കാലത്തിനൊപ്പം സങ്കേതിക വിദ്യയും മാറിത്തുടങ്ങി. കുമ്മായവും കരിക്കട്ടയും നീലത്തിലേക്കും അവിടുന്ന് അവ ബഹുനിറങ്ങളിലുടെ സഞ്ചരിച്ച് പ്ലക്‌സുകളിലേക്ക് ചെന്നു. 

നിരോധിച്ചും പിന്നേയും പ്രഹരമേല്‍ക്കാതെ നില്‍ക്കുന്ന ഫ്‌ളക്‌സില്‍ നിന്നുമാണ് പ്രചരണം ഫേയ്‌സ്ബുക്കും ട്വിറ്ററും കൈയ്യേല്‍ക്കുന്നത്. 2015ല്‍ എത്തി നില്‍ക്കുന്ന തന്ത്രത്തില്‍ മുമ്പനാണ് വാട്ട്‌സ അപ്പ്. ഇന്റര്‍നെറ്റും എസ്.എം. എസ്സുമെല്ലാം കുമ്മായം പോലെ പഴകി. യുട്യൂബും വിഡിയോകളും പിന്നാമ്പുറത്തെത്തി.


ഇന്ത്യയില്‍ ഗുജറാത്ത് രാജസ്ഥാന്‍, ഛത്തീസ്ഘട്ട് എന്നിവിടങ്ങളിലായിരുന്നു ആധുനികതയുടെ ആധിക്യം ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. സ്വന്തമായുള്ള പേരിനൊടൊപ്പം ഒരു മൊബൈല്‍ നമ്പര്‍ കൂടി അടയാളപ്പെടാനില്ലാത്തവര്‍ അപൂര്‍വ്വം. ഒന്നില്‍ കൂടുതല്‍ നമ്പരുകളില്‍ അറിയപ്പെടുന്നതും ഫാഷനല്ലാതെയായി. പോര്‍ട്ടു ചെയ്യാന്‍ സൗകര്യപ്പെടുന്നതോടു കൂടി ഈ അവസ്ഥ സ്ഥായിയായി.

ഇന്ന് തെരെഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ചുമരെഴുത്തുകളെ, അഭ്യര്‍ത്ഥന നോട്ടീസുകളെ, വാള്‍ പോസ്റ്ററുകളെ, സ്ഥാനാര്‍ത്ഥികളുടെ ചിരിക്കുന്ന പടങ്ങളടങ്ങിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയകള്‍ കൈയ്യേറ്റിരിക്കുന്നു. അവിടെ സ്ഥാനാര്‍ത്ഥിയുടെ നില്‍പ്പും നടപ്പും പ്രസംഗങ്ങളും ക്ലിപ്പിങ്ങുകളും സാദ്ധ്യമാകുന്നു. അതിനൊക്കെ ഒത്തിരി പണം വേണമെന്നു മാത്രം. അതിനു പണച്ചാക്കുകള്‍ കൈവശമുള്ളവരുടെ ഒത്താശ വേണം. കുമ്മായം വാങ്ങിയതിന്റെയും നോട്ടീസടിച്ചതിന്റെയും കണക്കു ചോദിച്ചു കൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പിറകെ വരുമെങ്കിലും ആപ്പിലും നെറ്റിലും ഇത്തരം പൊല്ലാപ്പുകളില്ല. തികഞ്ഞും സൗജന്യമായി പണം വാരി വിതറാന്‍ ഇത്രയേറെ സൗകര്യമുള്ളപ്പോള്‍ ആര്‍ക്കു വേണം കലയുടെ കരവിരുതുകള്‍. കണക്കു കാണിക്കണ്ട ആവശ്യമില്ലാത്ത പ്രചരണം. തിച്ചും സൗജന്യമായി. ജനാധിപത്യത്തിനു തളര്‍ച്ച നേരിടുന്ന ക്യാന്‍സര്‍ വിഷ ബാധയുടെ വൈറസുകള്‍ അവിടെ രൂപപ്പെടുകയാണ്.

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും അസംബന്ധ പ്രചരണങ്ങള്‍ അഴിച്ചു വിടാനും മാധ്യമ വിശ്വാസങ്ങളില്‍ മേലുള്ള ജനത്തിന്റെ സത്യസന്ധതകളില്‍ വിഷം കുത്തിവെക്കുന്ന സോഷ്യല്‍ മീഡിയകളേക്കുറിച്ചൊക്കെ ഇനി പരാതി പറഞ്ഞിട്ടെന്തു കാര്യം? ആര് എവിടെ ഇതൊക്കെ കേള്‍ക്കാന്‍. ഹമീദല്ലി ഷെംനാട് മരിച്ചുപോയി എന്നു കാണിച്ച് വാട്ട്ട്ആപ്പുകാര്‍ നടത്തിയ പ്രചരണം വഴി ഫേസ്ബുക്കില്‍ വന്ന ആദരാജ്ഞലികള്‍ക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. 

ഓണത്തിനു കൊടവലം നാരായണന്റെ കൊലയോടനുബന്ധിച്ച് ജില്ലയില്‍ നടന്ന ഹര്‍ത്താല്‍ കഴിഞ്ഞ് പിറ്റേന്ന് സ്‌കുളുകള്‍ക്ക് വ്യാജ ഹരജി പ്രഖ്യാപിച്ചത് വാര്‍ട്ടസ് അപ്പുകാരായിരുന്നു. വരാനിരിക്കുന്ന ത്രിതല പഞ്ചായത്തുകളില്‍ ഇനി എന്തെല്ലാം കേള്‍ക്കാനും കാണാനുമിരിക്കുന്നു.






No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.