Latest News

നന്മയുടെ മാര്‍ഗത്തില്‍ ഒറ്റക്കെട്ടാവുക: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം:[www.malabarflash.com] നന്മയുടെ മാര്‍ഗത്തില്‍ വിഭാഗീയതകള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആദര്‍ശത്തിനായി ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ് ഈദുല്‍ അസ്ഹ ഓര്‍മ്മിപ്പിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

മാനവിക ഐക്യത്തിലൂടെയല്ലാതെ സാമൂഹിക മാറ്റങ്ങള്‍ സാധ്യമാവില്ല. സമൂഹത്തില്‍ യോജിപ്പിനുള്ള അവസരമാണ് കൂടുതലുള്ളത്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം വ്യക്തിയെ സ്രഷ്ടാവുമായി അടുപ്പിക്കുന്ന ഘടകങ്ങളാണ്. ഒരു വിശ്വാസവും ആചാരവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുന്നത് നിരര്‍ത്ഥകമാണ്. അപരനു ഗുണമായിത്തീരുകയാണ് വിശ്വാസിയുടെ സാമൂഹിക ബാധ്യത.

മത, രാഷ്ട്രീയ, കക്ഷി താല്‍പര്യങ്ങളുടെ പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാവാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആദര്‍ശ പാതയിലെ ത്യാഗ സന്നദ്ധതയാണ് ഹസ്രത്ത് ഇബ്രാഹിം നബി(അ)യുടെയും പുത്രന്‍ ഇസ്മാഈലി(അ)ന്റെയും ജീവിതം പഠിപ്പിക്കുന്നത്. ആദര്‍ശത്തിനും വിശ്വാസത്തിനുമെതിരെ ശബ്ദിക്കുന്നത് ആരായാലും വകവെക്കേണ്ടതില്ലെന്ന് രാജാവായ നംറൂദിന്റെ അഗ്നികുണ്ഠത്തെ ഭയക്കാതെ ഏകദൈവ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച ഇബ്രാഹിം നബി (അ) മാതൃക കാണിക്കുന്നു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) ലോക ചരിത്രത്തിലെ അതിമഹത്തായ മനുഷ്യാവകാശ പ്രഖ്യാപനം നിര്‍വഹിച്ച ഹജ്ജത്തുല്‍വിദാഇലെ പ്രസംഗം ഓരോ വിശ്വാസിക്കുമുള്ള മാര്‍ഗനിര്‍ദ്ദേശമാണ്.

പരിശുദ്ധ ഹജ്ജിന്റെ പരിസമാപ്തിയായ ആഘോഷമാണ് ഈദുല്‍ അസ്ഹാ. മാനവമഹത്വത്തിന്റെ വിളംബരമാണ് ഹജ്ജും ബലിപെരുന്നാളും. ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അവര്‍ക്കായുള്ള സഹായഹസ്തവും അവകാശ നിഷേധങ്ങള്‍ക്കും വിശ്വാസത്തിന്റെ പേരില്‍ ദുരിതം വിതക്കുന്നവര്‍ക്കുമെതിരായ ഒറ്റക്കെട്ടായ പ്രതികരണവുമെല്ലാം ഈ സുദിനത്തിന്റെ ഭാഗമാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.