Latest News

ഈ സുന്ദരിയായ മണവാട്ടിപ്പെണ്ണാണ് മാതൃക

ലോകത്തില്‍വച്ച് ഏറ്റവും സുന്ദരിയായ മണവാട്ടിയെക്കുറിച്ചാണ് കഴിഞ്ഞ ചില ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മുഖ്യ ചര്‍ച്ച. എന്നാല്‍ ഈ മണവാട്ടിപ്പെണ്ണിന്റെ സൗന്ദര്യം അവളുടെ മുഖത്തല്ലെന്നും, മറിച്ച് ഹൃദയത്തിലാണെന്നും സോഷ്യല്‍ മീഡിയ വിവരിക്കുന്നു. ചൈനീസ് വംശജയായ ഗുവോ യുവാന്യുവാനാണ് ലോകം ആരാധയോടെയും ബഹുമാനത്തോടെയും നോക്കിക്കണ്ട ആ സുന്ദരി.

നഴ്‌സുകൂടിയായ ഗുവോയുടെ വിവാഹ ദിനത്തിലായിരുന്നു ആ ദുരന്തമുണ്ടായത്. വിവാഹ ശേഷം നവവരനൊപ്പം ഫോട്ടോ ഷൂട്ടിലായിരുന്നു ഗുവോ. ഈ സമയത്താണ് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ആ നിലവിളി ഗുവോയുടെ കാതിയെത്തിയത്.

ഫോട്ടോ ഷൂട്ട് പാതിയില്‍ ഉപേക്ഷിച്ച്, ഭര്‍ത്താവിന്റെ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഗുവോ ശബ്ദം കേട്ട ദിക്കിലേക്കോടി. ഒരു യുവാവ് ശ്വാസം കിട്ടാതെ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് ഗുവോ കണ്ടത്. അന്നേ ദിവസത്തിന്റെ പ്രത്യേകതയോ ധരിച്ചിരിക്കുന്ന വിവാഹ വസ്ത്രത്തെയോ ഗൗനിക്കാതെ ഗുവോ വെള്ളത്തിലേക്ക് എടുത്തുചാടി. വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയ യുവാവിനെ വലിച്ച് കരയിലെത്തിക്കുക മാത്രമല്ല, ക്രിത്രിമ ശ്വാസം ഉള്‍പ്പടെ അയാള്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍ ഒരു നേഴ്‌സിന്റെ എല്ലാ ഉത്തരവാദിത്തത്തോടെയും ഗുവോ നിര്‍വഹിച്ചു.

20 മിനിട്ടോളം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഗുവോയ്ക്ക് കഴിഞ്ഞില്ല. നീന്തുന്നതിന് ഇടയില്‍ അയാള്‍ക്ക് ഹൃദയ സ്തംഭനം സംഭവിച്ചിരുന്നു.

ഗുവോ യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞിരുന്നു. അതോടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ മണവാട്ടിയെന്ന വിളിപ്പേരും ഗുവോയ്ക്ക് ലഭിച്ചു. ദാലിയാന്‍ ആശുപത്രിയിലെ ജീവനക്കാരിയാണ് ഗുവോ.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.