Latest News

എന്നെ വിശ്വസിച്ചവരോട് ജീവിതം പണയം വച്ചും കടപ്പാട് തീര്‍ക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍

ദുബൈ: [www.malabarflash.com] തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി നാളിതുവരെ താന്‍ കാത്തുസൂക്ഷിച്ച വിശ്വസ്തതയും സത്യസന്ധതയും കൈവിടാതെ ജീവിതം പണയം വച്ചും ഉടന്‍ പരിഹരിക്കുമെന്ന് അറ്റ്‌ലസ് ഗ്രൂപ്പ് മേധാവി അറ്റ്‌ലസ് രാമചന്ദ്രന്‍.

എന്നെ വിശ്വസിച്ചവരെ ഞാന്‍ ചതിക്കില്ല. സര്‍ക്കാറായാലും ജനങ്ങളായാലും ബാങ്കുകളായാലും എന്നില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് ഞാന്‍ മൂലം പ്രതിസന്ധി ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് രാമചന്ദ്രന്‍ വ്യക്തമാക്കി. അറ്റ്‌ലസ് ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു എ ഇ ബാങ്കുകള്‍ സ്വീകരിച്ച നിയമ നടപടികളുടെ പേരില്‍ ദുബൈയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്ന രാമചന്ദ്രനുമായി ദുബൈയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

രാമചന്ദ്രനെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. സ്വന്തം വസതിയില്‍ വീട്ടുതടങ്കലിന് സമാന സാഹചര്യത്തില്‍, എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള തീവ്ര ശ്രമത്തിനിടെയിലാണ് രാമചന്ദ്രനുമായി മാധ്യമ സുഹൃത്തുക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

ബാങ്കുകള്‍ വായ്പാ കുടിശികയുടെ പേരില്‍ സ്വീകരിച്ചിരിക്കുന്ന നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. സാമ്പത്തിക മാന്ദ്യത്തിന്റെയും സ്വര്‍ണ്ണ വിപണിയിലെ പ്രതിസന്ധിയുടെയും പേരില്‍ അറ്റ്‌ലസ് ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധി തന്റെ സ്ഥാപനത്തിന്റെ വിശ്വസ്തത കൈവിടാതെ തന്നെ ഉടന്‍ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില ആസ്തികള്‍ വിറ്റും ഷോറൂമുകള്‍ വിറ്റും ബാങ്കുകളുമായുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ്. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരുടെയും ദുബൈയിലെ ബിസിനസ് സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ തനിക്കുണ്ട്. ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാനാകും.

എന്നെ വിശ്വസിച്ച ഒരാള്‍ക്കും നിരാശ ഉണ്ടാകാനുള്ള സാഹചര്യം ഞാന്‍ സൃഷ്ടിക്കില്ല. അക്കാര്യത്തില്‍ എന്റെ ജീവിതം പണയം വച്ചും ഞാന്‍ പ്രശ്‌ന പരിഹാരം കണ്ടെത്തിയിരിക്കും അദ്ദേഹം വ്യക്തമാക്കി. മകള്‍ മഞ്ജുവും രാമചന്ദ്രനും ഈ വസതിയില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.