Latest News

കേന്ദ്രഭരണം ആര്‍എസ്എസിന്റെ റിമോട്ട് കണ്‍ട്രോളില്‍: യെച്ചൂരി

ചെറുവത്തൂര്‍:[www.malabarflash.com] ആര്‍എസ്എസിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടെലിവിഷന്‍ സെറ്റുപോലെയാണ് മോഡിയുടെ പ്രവര്‍ത്തനം. ആര്‍എസ്എസ് ഞെക്കുന്ന റിമോട്ടിനുസരിച്ചാണ് കേന്ദ്രഭരണം മുന്നോട്ടുപോകുന്നത്. അതിന് വ്യക്തമായ തെളിവാണ് മൂന്നു ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗം. 15 മാസത്തെ കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താനാണ് യോഗം ചേരുന്നത്. സിപിഐ എം ചെറുവത്തൂര്‍ ഏരിയാകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയാണ് മോഡി ഭരണം. എല്ലാ മേഖലകളെയും വര്‍ഗീയവല്‍ക്കരിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഇവരുടെ വര്‍ഗീയഭരണത്തിന്റെ ഫലമാണ്. സങ്കുചിതമായ മത-ജാതി ചിന്തകള്‍ ഇളക്കിവിട്ട് വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തീവ്രവാദത്തിന് സിപിഐ എം എന്നും എതിരാണ്. തീവ്രവാദത്തെ നേരിടാനെന്ന പേരില്‍ വര്‍ഗീയത വളര്‍ത്തുന്നതിനോടും യോജിപ്പില്ല. മുംബൈ കലാപക്കേസില്‍ വധശിക്ഷ നടപ്പാക്കിയതിലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഏറ്റവുമൊടുവില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ചപോലും വേണ്ടെന്നുവച്ചത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് 8.5 ലക്ഷ്യമിട്ടിരുന്നെങ്കിലും 7.1ല്‍ മാത്രമാണുള്ളത്. കാര്‍ഷിക മേഖലയാകെ തകര്‍ന്നടിഞ്ഞു. കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണ്. ജനങ്ങളെയാകെ പ്രതിസന്ധിയിലാക്കിയശേഷം പ്രധാനമന്ത്രി രാജ്യങ്ങള്‍ ചുറ്റിയടിക്കുകയാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഫെഡറലിസത്തെ തകര്‍ക്കുന്നതാണ് ബിജെപി ഭരണത്തിന്റെ മറ്റൊരു മുഖം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് കോണ്‍ഗ്രസിന്റെ അഴിമതിയോട് മത്സരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കൊടിയ അഴിമതിക്കാരായിരിക്കയാണ്. 15 മാസത്തിനകം വലിയ അഴിമതിയാണ് ബിജെപി നടത്തിയതെന്നും യെച്ചൂരി പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.