Latest News

ബാങ്ക് കൊളള; ബൈക്കും കാറും കണ്ടെത്തി, ഗൂഢാലോചന രണ്ട് മാസം മുമ്പ്

കാസര്‍കോട്:[www.malabarflash.com]എരിയാലിലെ കൂഡ്‌ലു ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണവും 12 ലക്ഷം രൂപയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ സൂത്രധാരനും മുഖ്യപ്രതിയും ശുഭ്രവസ്ത്രധാരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പച്ചമ്പളത്തെ ഇയാളുടെ വീട് റെയ്ഡ് ചെയ്ത പൊലീസ് കറുത്ത പള്‍സര്‍ ബൈക്ക് കണ്ടെടുത്തു. കൊള്ളയ്ക്ക് ഉപയോഗിച്ച് ഈ ബൈക്കാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ മറ്റൊരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളേയും സ്വര്‍ണവും കടത്താന്‍ ഉപയോഗിച്ച മാരുതി സിയാസ് കാര്‍ ഉപ്പളയിലെ ഒരു വര്‍ക്ക്‌ഷോപ്പിന് സമീപത്ത് നിന്ന് പൊലീസ് ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തു. ശുഭ്രവസ്ത്രധാരിയുടേതാണ് കാര്‍. കാര്‍ ഉപ്പളയില്‍ ഉപേക്ഷിച്ച് ഇയാള്‍ അതിര്‍ത്തി കടന്നുപോയതായാണ് സംശയിക്കുന്നത്.

കൊള്ള നടത്താന്‍ രണ്ടുമാസം മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സാമ്പത്തികമായി പരാധീനതയിലായിരുന്ന ഇയാള്‍ ഒന്നരമാസം മുമ്പ് 12 ലക്ഷത്തിലധികം രൂപ വിലരുന്ന മാരുതിയുടെ സിയാസ് കാര്‍ സ്വന്തമാക്കിയിരുന്നു. കൊള്ളയ്ക്ക് ശേഷം പെട്ടെന്ന് കാര്‍ വാങ്ങിയാല്‍ നാട്ടുകാര്‍ സംശയിക്കുമെന്ന് കരുതിയാവണം നേരത്തെ വായ്പ എടുത്ത് വാങ്ങിയതെന്ന് സംശയിക്കുന്നു. ജി.പി.ആര്‍.എസ് സംവിധാനമുള്ള കാര്‍ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഉപ്പളയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നാണ് സംശയിക്കുന്നത്. കവര്‍ച്ചയില്‍ പങ്കാളികളായ ആരും ഫോണ്‍ ഉപയോഗിക്കുന്നില്ല. പൊലീസ് പിന്തുടരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇതെന്ന് സംശയിക്കുന്നു.

അതേ സമയം ബാങ്കില്‍ അതിക്രമിച്ചുകടന്ന അഞ്ചംഗ സംഘത്തില്‍ ശുഭ്രവസ്ത്രധാരിയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. കൊള്ളയ്ക്ക് ശേഷം പള്‍സര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ താക്കോല്‍ താഴെ വീണു. അതെടുക്കുന്നതിനിടയില്‍ ഹാന്റില്‍ തട്ടി ധരിച്ച മങ്കി ക്യാപ് ഊരിപ്പോയി. വീണ്ടും മങ്കിക്യാപ്പ് വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടയില്‍ ബാങ്കില്‍ നിന്നും നിലവിളി കേട്ടെത്തിയ പെയിന്റിങ് തൊഴിലാളി മുന്നിലെത്തുകയും ചെയ്തു. പെയിന്റിങ് തൊഴിലാളി തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായ ഇയാള്‍ ബൈക്കില്‍ നിന്നും ഇറങ്ങി കത്തി കാട്ടി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന് പെയിന്റിങ് തൊഴിലാളി സംഭവം പറഞ്ഞതുമില്ല.

എന്നാല്‍ ഇതെല്ലാം മുകളില്‍ നിന്ന് ബാങ്കിലെ ജീവനക്കാരി കാണുന്നുണ്ടായിരുന്നു. തൊപ്പി വീണുപോയെങ്കിലും മുഖം കാണാന്‍ ബാങ്ക് ജീവനക്കാരിക്ക് കഴിഞ്ഞില്ല. പെയിന്റിങ് തൊഴിലാളി വ്യക്തമായി കണ്ടിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ജീവനക്കാരി മൊഴി നല്‍കിയിരുന്നു.
ഇതുവെച്ച് പെയിന്റിങ് തൊഴിലാളിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തന്റെ അകന്ന ബന്ധുവാണതെന്ന് വ്യക്തമാക്കിയത്. അതോടെ ഇതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആരെന്ന് പൊലീസിന് വ്യക്തമായി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.