Latest News

ബാങ്ക് കൊള്ള: അന്വേഷണം കര്‍ണാടകയിലേക്ക്; ബാങ്കിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

കാസര്‍കോട്:[www.malabarflash.com] ദേശീയപാതയ്ക്കു സമീപം എരിയാല്‍ കുഡ്!ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം 20 കിലോ സ്വര്‍ണവും 13ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക്. തദ്ദേശീയര്‍ അടക്കമുള്ളവര്‍ കവര്‍ച്ചസംഘത്തില്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ കര്‍ണാടകയിലേക്കു കടന്നിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.

സംഘത്തില്‍ ഉള്‍പ്പെട്ട മുഖംമൂടി ധരിച്ചിട്ടില്ലാത്ത പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കുന്നുണ്ട്. ജില്ലയില്‍ മുന്‍പ് കവര്‍ച്ചക്കേസുകളില്‍ പ്രതികളായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ഇവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ടു ജീവനക്കാരികളെയും ഇടപാടുകാരിയെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കിയാണ് അഞ്ചംഗ സംഘം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് അഞ്ചേകാല്‍ കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നത്. കവര്‍ച്ച നടത്തിയ സംഘം ദേശീയപാത ഒഴിവാക്കി ഇടറോഡുകളിലൂടെ കര്‍ണാടകയിലേക്കു കടന്നിരിക്കാമെന്നാണു പൊലീസ് കരുതുന്നത്.

അതിനാല്‍ ആവശ്യമാണെങ്കില്‍ കര്‍ണാടക പൊലീസിന്റെ കൂടി സഹായം തേടുമെന്നു ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളും സംഘമെത്തിയ ബൈക്കുകളുടെ റജിസ്‌ട്രേഷന്‍ നമ്പറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അറിയുന്നവര്‍ കവര്‍ച്ച സംഘത്തില്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് സംശയിക്കുന്നത്. അന്വേഷണസ്ഥിതി ചര്‍ച്ച ചെയ്യുന്നതിനും സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതിനുമായി ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസിന്റെ സാന്നിധ്യത്തില്‍ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

ബാങ്ക് അധികൃതരുമായി പൊലീസ് ചര്‍ച്ച നടത്തി. ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സിഐ പി.കെ. സുധാകരന്‍, എസ്‌ഐമാരായ കെ.എം. മത്തായി, പി. രത്‌നാകരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. രാജേഷ്, വി.എസ്. ഓസ്റ്റിന്‍ തമ്പി, കെ. ഗിരീഷ്, സുനില്‍ ഏബ്രഹാം, പ്രതീഷ് ഗോപാല്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അംഗങ്ങളും സംഘത്തിലുണ്ട്.

പണവും സ്വര്‍ണവും നഷ്ടപ്പെട്ട ഇടപാടുകാര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ബാങ്കിന്റെ മുന്നില്‍ പ്രതിഷേധം നടത്തി. ബാങ്ക് അധികൃതരില്‍ നിന്നു വ്യക്തമായ ഉറപ്പു ലഭിക്കാതെ പിന്മാറില്ലെന്നു പറഞ്ഞ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. പിന്നീട് ബാങ്ക് അധികൃതരെത്തി നഷ്ടപരിഹാര തുകയെ കുറിച്ചു 18നു തീരുമാനമെടുക്കുമെന്നു പറഞ്ഞതോടെയാണ് ഇടപാടുകാര്‍ അടക്കമുള്ളവര്‍ പിരിഞ്ഞുപോയത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.