Latest News

എട്ട് മക്കളുടെ അമ്മയെ ആട്ടിന്‍തൊഴുത്തില്‍ ഉപേക്ഷിച്ച നിലയില്‍

പുത്തൂര്‍:[www.malabarflash.com] എട്ട് മക്കളുടെ അമ്മ ആട്ടിന്‍തൊഴുത്തില്‍ ഉപേക്ഷിച്ചനിലയില്‍ നരക ജീവിതം നയിക്കുന്നു. വിവരം അറിഞ്ഞ് പുത്തൂരില്‍നിന്ന് പോലീസ് എത്തിയപ്പോഴാണ് ശരീരം മറയ്ക്കാന്‍ ഒരു കീറിയ തുണി നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്. പുത്തൂര്‍ ചെറുപൊയ്ക പാലത്തിന്‍ തലയ്ക്കല്‍ കുഞ്ഞമ്മയാണ് ചെറുപൊയ്ക ഗ്രാമത്തിന്റെ കണ്ണീര്‍ക്കാഴ്ചയായത്.

തുണികൊണ്ട് മറച്ച വാതിലുള്ള ആട്ടിന്‍തൊഴുത്തില്‍ വെറുംനിലത്ത് സ്വതന്ത്രമായി ചലിക്കാനോ സംസാരിക്കാനോ പോലുമാകാതെ കുഞ്ഞമ്മ കിടക്കുന്നതാണ് പോലീസ് കണ്ടത്. എല്ലും തോലും മാത്രമായ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിപോലുമില്ല. മലമൂത്രവിസര്‍ജനവും കിടക്കുന്നിടത്ത് തന്നെയാകയാല്‍ ദുര്‍ഗന്ധവും ഈച്ചകളുടെ ശല്യവും രൂക്ഷമാണ്. ശരീരത്തില്‍ പലയിടത്തും വ്രണങ്ങളുമുണ്ട്. വല്ലപ്പോഴും നല്‍കുന്ന ഭക്ഷണംകൊണ്ട് ജീവന്‍ നിലനില്‍ക്കുന്നു എന്ന് മാത്രം.

എ.എസ്.ഐ. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്. അമ്മയെ സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം കേസെടുക്കുമെന്നും വീട്ടില്‍ താമസിക്കുന്ന മകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് പോലീസ് മടങ്ങിയത്.

പത്തുവര്‍ഷം മുമ്പ് ചെത്തുതൊഴിലാളിയായ ഭര്‍ത്താവ് വാസുവിന്റെ മരണമാണ് കുഞ്ഞമ്മയുടെ ജീവിതത്തില്‍ കരിനിഴല്‍വീഴ്ത്തിയത്. ഇവര്‍ക്ക് നാല് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ്. ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം മക്കള്‍ക്ക് വീതിച്ചുനല്‍കി. മക്കളില്‍ ഒരാള്‍ കേരളത്തിന് വെളിയിലാണ്. ഒരാള്‍ ചവറയിലും മറ്റ് ആറുപേരും പവിത്രേശ്വരം പഞ്ചായത്തിലും താമസിക്കുന്നു. എല്ലാവരും ഭേദപ്പെട്ട നിലയാണെന്നും നാട്ടുകാര്‍ പറയുന്നു.

കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്താണ് കുഞ്ഞമ്മ കുടുംബം പോറ്റിയിരുന്നത്. പണിയില്ലാത്തപ്പോഴും അവധി ദിവസങ്ങളിലും കല്ല് ചുമക്കാനും മറ്റും പോകുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞമ്മയുടെ ദുരിതജീവിതം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സ്ഥലമാണ് ചെറുപൊയ്ക. വാതില്‍പോലുമില്ലാത്ത തൊഴുത്തില്‍ കിടക്കുന്ന വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചുകീറാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.