Latest News

ഷീനാ ഷുക്കൂറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും: കെ.പി.എ മജീദ്‌

കോഴിക്കോട്: [www.malabarflash.com]എം.ജി സര്‍വകശാല പ്രോ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ കെ.എം. സി.സി യുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തെ വര്‍ഗീയ വല്‍ക്കരിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു.

മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നതെന്ന് പ്രസ്താവന നടത്തിയ വി.എസ് അച്ചുതാനന്ദന്റെ മുസ്‌ലിം വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഷീന ഷുക്കൂറിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന. സംഘ് പരിവാരങ്ങള്‍ക്കെതിരെ വലിയ ക്യാപെയിന്‍ നടത്തുന്നു എന്നവകാശപ്പെടുന്ന സി.പി.എം ആര്‍.എസ്.എസിന് ഹല്ലേലുയ്യ പാടുന്ന വി.എസി നെ നിയന്ത്രിക്കാന്‍ തയ്യാറാവണം.

മുസ്‌ലിം ലീഗിന്റെ തണലിലാണ് തനിക്ക് പദവികള്‍ ലഭിച്ചതെന്ന് ഷീന ഷുക്കൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റുള്ളത്. ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ഇത്തരം നിയമനങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യുന്നത്. പാര്‍ട്ടി വക്താക്കളായി നിലകൊണ്ടവരെ സി.പി.എം വൈസ് ചാന്‍സലര്‍മാരാക്കിയത് വി.എസിന് ഓര്‍മ്മയില്ലേ. 

കഴിവും പ്രാപ്തിയും മികച്ച അക്കാദമിക് യോഗ്യതയുമുള്ള ഡോ.ഷീന ഷുക്കൂറിനെ പോലെയുള്ളവര്‍ക്ക് താങ്ങും തണലുമാകാന്‍ തന്നെയാണ് മുസ്‌ലിം ലീഗ് രൂപീകരിച്ചത്. സമുദായത്തിനകത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വലിയ പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ഇത്തരം ഉയര്‍ന്ന പദവികളിലേക്ക് പരിഗണിക്കാന്‍ അവരെ പ്രാപ്തരാക്കിയത് മുസ്‌ലിംലീഗിന്റെ അശ്രാന്ത പരിശ്രമമാണെന്ന് വിമര്‍ശകര്‍ ഓര്‍ക്കണം. 

ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നവരെ അന്വേഷണത്തിന്റെ ഉമ്മാക്കി കാട്ടി ആരും പേടിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ പി. സദാശിവം എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറോട് നേരത്തേ റിപ്പോര്‍ട്ട് തേടിയിരുന്നു. വിദേശ യാത്രയെയും വിവാദ പ്രസംഗത്തെയും കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വി.സി ഡോ. ബാബു സെബാസ്റ്റ്യന് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം.

പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് സര്‍ക്കാര്‍ വീടും കാറും ലഭിച്ചതെന്നായിരുന്നു മേയ് 22ന് ദുബൈയില്‍ കെ.എം.സി.സി ചെറുവത്തൂര്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഷീന ഷുക്കൂര്‍ പ്രസംഗിച്ചത്. ലീഗ് അനുകൂല പ്രസംഗം യൂ ട്യൂബിലൂടെ പ്രചരിച്ചതോടെ വിവാദമായി.

ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാല ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെ ത്തുകയും ചിലര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. 'ഉന്നത വിദ്യാഭ്യസ രംഗത്തെ വെല്ലുവിളികള്‍' വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ ദുബൈയില്‍ പോകാനായിരുന്നു പി.വി.സി അനുമതി തേടിയിരുന്നതെന്നാണ് വിവരം. 23ന് തിരികെയെ ത്തണമെന്ന വ്യവസ്ഥയിലായിരുന്നു ഗവര്‍ണര്‍ യാത്രക്ക് അനുമതി നല്‍കിയത്. 

എന്നാല്‍, 23ന് നടന്ന നിര്‍ണായക സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങളില്‍ ഷീന ഷുക്കൂര്‍ പങ്കെടുത്തില്ല. അനുമതി നല്‍കിയ വിഷയത്തിലല്ലാതെ രാഷ്ട്രീയപ്രസംഗം നടത്തുകയും ചെയ്തു. ഇങ്ങനെ സര്‍ക്കാറിനെയും ഗവര്‍ണറെയും പി.വി.സി തെറ്റിദ്ധരിപ്പിച്ചെന്ന പ്രാഥമിക വിലയിരുത്തലിലാണ് ഗവര്‍ണറുടെ ഓഫിസ്. തുടര്‍ന്നാണ് നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.