Latest News

വടകരക്കാരനായ യുവശാസ്ത്രജ്ഞന് അമേരിക്കയില്‍ ഗവേഷണത്തിന് ഏഴു കോടി

വടകര:[www.malabarflash.com] യുവശാസ്ത്രജ്ഞനായ മകന്‍ ഡോ. വി.എസ്. സുബിത്തിന് ഊര്‍ജരംഗത്തെ ഗവേഷണത്തിന് അമേരിക്കന്‍ ഊര്‍ജ വകുപ്പ് 1.1 മില്യണ്‍ ഡോളര്‍ (ഏകദേശം ഏഴു കോടി രൂപ) അനുവദിച്ച വാര്‍ത്തയറിഞ്ഞ ആഹ്ളാദത്തിലാണ് വടകര അഴിയൂര്‍ കല്‍ഹാരയിലെ ഇ. വാസുമാസ്റ്ററും കുടുംബവും.

യൂനിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയിലെ മെക്കാനിക്കല്‍ ആന്‍ഡ് ഏറോസ്പേസ് വിഭാഗം അസി. പ്രഫസറാണ് സുബിത്ത്.
ദ്രവീകൃത കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്ത് പവര്‍ പ്ളാന്‍റുകളെ സൗകര്യപ്രദവും ലാഭകരവുമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗവേഷണത്തിനാണ് ഡോ. സുബിത്തും അദ്ദേഹത്തിന്‍െറ ഗവേഷണ വിദ്യാര്‍ഥികളും ഗ്രാന്‍റ് ഉപയോഗിക്കുന്നത്. 

ഷോക്ക് വേവ് ഫിസിക്സ്, ലേസര്‍ ഡയഗ്നോസിസ്, സെന്‍സര്‍ ടെക്നോളജി എന്നിവ സംയോജിപ്പിച്ച് കമ്പസ്റ്റിന്‍ കമ്പ്യൂട്ടര്‍ മോഡല്‍ വികസിപ്പിച്ചെടുത്ത് ഓരോ വ്യവസായത്തിനും അനുയോജ്യമായി രീതിയില്‍ ദ്രവീകൃത കാര്‍ബണ്‍ ഡയോക്സൈഡ് ഉപയോഗിച്ചുള്ള കമ്പസ്റ്റേര്‍സ് ഉണ്ടാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ ഇല്ലാതാക്കാനും ലാഭകരമായും സൗകര്യപ്രദമായും വ്യവസായ സംരംഭം നടത്താനും ഇതുവഴി കഴിയും. പുതിയ തരത്തിലുള്ള ടര്‍ബൈന് വളരെ കുറഞ്ഞ സ്ഥലസൗകര്യമേ ആവശ്യമുള്ളൂ.

മദ്രാസ് ഐ.ഐ.ടിയിലെ പഠന ശേഷം സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ സുബിത്ത് 1999ലെ കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സിലും കുസാറ്റ് എന്‍ട്രന്‍സിലും ഒന്നാം റാങ്കുകാരനായിരുന്നു. അഴിയൂരിലെ തട്ടോളിക്കര യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇ. വാസു മാസ്റ്ററുടെയും സുമതി ടീച്ചറുടെയും മകനാണ്. ഭാര്യ: തിരുവനന്തപുരം സ്വദേശിനി അപര്‍ണ. അനുജന്‍ വി.എസ്. ശ്രീസരിന്‍ യു.കെയിലെ പഠനത്തിനുശേഷം ബംഗളൂരുവില്‍ എന്‍ജിനീയറാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.