Latest News

കാറുകള്‍ വാടകയ്‌ക്കെടുത്ത് വില്‍ക്കുന്ന മംഗലാപുരം സ്വദേശി അറസ്റ്റില്‍



കോഴിക്കോട്:[www.malabarflash.com] കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുന്നതു പതിവാക്കിയ യുവാവ് അറസ്റ്റില്‍. മംഗലാപുരം സ്വദേശി ബടതല വീട്ടില്‍ മുഹമ്മദ് ഹനീഫ(40)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട വാഹനം ഓടിച്ച് വരുന്നതിനിടെ കോഴിക്കോട് ബൈപാസില്‍ വച്ച് ഏറെ സാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ആറ് കാറുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

സ്പിരിറ്റ്, വ്യാജമദ്യക്കടത്ത്, കുഴല്‍പ്പണം തട്ടിയെടുക്കല്‍ തുടങ്ങിയവയ്ക്ക് ഇയാള്‍ക്കെതിരെ കേരളം, കര്‍ണാടകം എന്നിവി ടങ്ങളിലെ സ്റ്റേഷനുകളില്‍ കേസുണ്ട്. മൂന്നുവര്‍ഷം മുമ്പ് കുമ്പളയില്‍ നടന്ന അരീക്കോട് ഷെമീര്‍ കൊലപാതക കേസിലും പ്രതിയായിരുന്നു. ഈ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ജാമ്യത്തില്‍ ഇറങ്ങിയതാണ്.

തട്ടിയെടുത്ത 20 വാഹനങ്ങള്‍ പൊളിച്ചുവിറ്റതിനു മൈസൂര്‍ പോലീസിലും ടിപ്പര്‍ ഉള്‍പ്പെടെ ഏഴ് വാഹനം മോഷ്ടിച്ചു വില്‍പ്പന നടത്തിയതിനു മംഗലാപുരത്തെ ബണ്ട്‌വാള്‍ പോലീസ് സ്റ്റേഷനിലും കാര്‍ മോഷണത്തിന് ബംഗളൂരുവിലും ഹനീഫയ്‌ക്കെതിരെ കേസുണ്ട്. നേരത്തെ കാസര്‍കോട്, മംഗലാപുരം, ബംഗളൂരു ജയിലുകളില്‍ തടവ് അനുഭവിച്ചിട്ടുണ്ട്. പല സ്ഥലങ്ങളില്‍ പല പേരില്‍ വിവാഹം കഴിച്ച ഇയാള്‍ക്കെതിരെ വിവാഹം കഴിച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി കുറ്റിക്കാട്ടൂര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ കേസ് നിലവിലുണെ്ടന്നും പോലീസ് പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കള്ളക്കടത്തിനും മറ്റും ഉപയോഗിക്കുന്നുണെ്ടന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.എ വത്സനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കുറ്റിക്കാട്ടൂരില്‍ നിന്നും ഹനീഫ വാടകയ്‌ക്കെടുത്ത സ്വിഫ്റ്റ് കാര്‍ മഞ്ചേശ്വരത്തുള്ള സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്നും സ്പിരിറ്റുമായി തൃശൂര്‍ എക്‌സൈസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹനീഫയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. പ്രതി കര്‍ണാടക സ്വദേശിയാണെന്ന് ബോധ്യമായ പോലീസ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചു.

മെഡിക്കല്‍ കോളജ് എസ്‌ഐ ശശികുമാറിന്റെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ കാസര്‍കോട്, മംഗലാപുരം, മൈസൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്.

മാന്യമായ വസ്ത്രധാരണവും മികച്ച വാക്‌സാമര്‍ത്ഥ്യവുമുള്ള പ്രതി ആളുകളെ വശത്താക്കാന്‍ മിടുക്കനാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് ഭാഷകള്‍ സംസാരിക്കും. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് വാഹനം വാടകയ്‌ക്കെടുത്ത് കര്‍ണാടകയില്‍ കൊണ്ടുപോയി സ്പിരിറ്റ് കള്ളക്കടത്തുകാര്‍ക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്.

വാഹനം വിറ്റുകഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായിരുന്നു രീതി. പ്രതി നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിറ്റി ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, ടി.പി.ബിജു, മെഡിക്കല്‍ കോളജ് എസ്‌ഐ ബി.കെ.സിജു, എസ്‌ഐ ചാത്തുനായര്‍, അഡീഷനല്‍ എസ്‌ഐ ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ രാജേഷ്, അനീഷ്, കെ.പി.ഷജുല്‍, ടി.കെ.രാജേഷ്‌കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.