Latest News

വാഹനപരിശോധനയ്ക്കിടെ വിദ്യാര്‍ഥിനിക്ക് അടിയേറ്റു; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

കുണ്ടറ:[www.malabarflash.com] മുത്തച്ഛനോടൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പത്ത് വയസ്സുകാരിയെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവര്‍ ചൂരലിനടിച്ചു. കരിക്കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വാഹന പരിശോധനയ്ക്കിടെ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

കരിക്കോട് ടി.കെ.എം. സെന്റിനറി പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി കുഴിയം ഷാ മന്‍സിലില്‍ അലീഷാ ഷമീറിനാണ് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ വി.കെ.സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

എം.വി.ഐ. വിനോദിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുകയായിരുന്നു. അകലെ മാറിനിന്ന ഡ്രൈവര്‍ വി.കെ.സുരേഷ്‌കുമാര്‍ കുട്ടിയുടെ മുത്തച്ഛന്‍ അബ്ദുള്‍ ലത്തീഫിനോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കുട്ടിയെ സ്‌കൂളില്‍ ആക്കിയിട്ട് മടങ്ങിവരാമെന്ന് പറഞ്ഞ് മുന്നോട്ടുനീങ്ങിയപ്പോള്‍ ഡ്രൈവര്‍ ചൂരല്‍വീശി അടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇതുകണ്ട് നാട്ടുകാരും യാത്രക്കാരും സംഘടിച്ച് വാഹന പരിശോധനാസംഘത്തെ തടഞ്ഞു. കിളികൊല്ലൂര്‍ പോലീസ് എത്തി സുരേഷ്‌കുമാറിനെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.

ആക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കൊല്ലം-തിരുമംഗലം ദേശീയപാത ഉപരോധിച്ചു. ഡ്രൈവര്‍ സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കിളികൊല്ലൂര്‍ എസ്.ഐ. പ്രസാദിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇത് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. കുട്ടിയെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടു. 

എന്നാല്‍ അടിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വാഹനം നിര്‍ത്താതെ പോയപ്പോള്‍ വീശിയ ചൂരല്‍ അബദ്ധത്തില്‍ കൊള്ളുകയായിരുന്നെന്നും കൊല്ലം ആര്‍.ടി.ഒ. ഓഫീസിലെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലീഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വി.കെ.സുരേഷ് കുമാറിനെ കിളികൊല്ലൂര്‍ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 

വാഹനപരിശോധനാ സമയത്ത് സുരേഷ്‌കുമാര്‍ മദ്യപിച്ചിരുന്നെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ ആസ്​പത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും തടഞ്ഞതിന് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.