Latest News

രണ്ടു ദശലക്ഷത്തിലേറെ തീര്‍ഥാടകര്‍ അറഫയില്‍ ഭക്തിയുടെ വെളളകടല്‍ തീര്‍ത്തു

മക്ക[www.malabarflash.com]: ലബ്ബൈക്ക മന്ത്രവുമായി മിനാനഗരിയില്‍നിന്ന് അണപൊട്ടിയൊഴുകിയ രണ്ടു ദശലക്ഷത്തിലേറെ തീര്‍ഥാടകര്‍ അറഫയില്‍ ഭക്തിയുടെ വെളളകടല്‍ തീര്‍ത്തു. പാപമോചന ചിന്തയില്‍ തപിക്കുന്ന മനസ്സുകളും കലങ്ങിയ കണ്ണുകളുമായി 44 ഡിഗ്രി ചൂടില്‍ പുലരിമുതല്‍ പകലറുതിയോളം വിശ്വാസിലക്ഷങ്ങള്‍ അറഫയുടെ തുറന്ന മൈതാനത്ത് കഴിച്ചു കൂട്ടി.

ഹജ്ജിന്‍െറ പര്യായമായ അറഫസംഗമത്തിലെ പ്രാര്‍ഥനയില്‍ എല്ലാം മുങ്ങിത്തോര്‍ന്ന ആശ്വാസത്തിലാണ് തീര്‍ഥാടകര്‍ സന്ധ്യയോടെ മുസ്ദലിഫയിലേക്ക് തിരിച്ചത്. അവിടെ രാത്രി മുഴുവന്‍ ആകാശച്ചോട്ടില്‍ അവര്‍ അന്തിയുറങ്ങി. വ്യാഴാഴ്ച രാവിലെ മിനായിലേക്ക് തിരിക്കുന്ന ഹാജിമാര്‍ തുടര്‍ന്നുള്ള മൂന്നു നാള്‍കൂടി തമ്പുനഗരിയില്‍ കഴിച്ചുകൂട്ടും. ജംറയില്‍ കല്ലെറിഞ്ഞ്‌ കഅ്ബയിലത്തെി ത്വവാഫ് നിര്‍വഹിക്കുന്നതോടെ ഹജ്ജിനു ഭാഗിക വിരാമമാകും.
ചൊവ്വാഴ്ച വൈകീട്ടുതന്നെ തീര്‍ഥാടകര്‍ കൊച്ചു സംഘങ്ങളായി മിനായില്‍ നിന്നു 14 കിലോമീറ്റര്‍ ദൂരെയുള്ള അറഫയിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെയോടെ അറഫയുടെ അതിര്‍ത്തിക്കുള്ളില്‍ നിലയുറപ്പിക്കാനുള്ള തീര്‍ഥാടകരുടെ തിരക്കില്‍ ജൗഹറ റോഡും അറഫ ക്രോസ് റോഡും വീര്‍പ്പുമുട്ടി. നമിറ പള്ളിയും പരിസരവും ജബലുറഹ്മ(കാരുണ്യത്തിന്‍െറ മല)യുമൊക്കെ പുലരും മുമ്പേ ഹാജിമാര്‍ കൈയടക്കി. 

മൈതാനത്തിന്‍െറ പരിധിക്കകത്തത്തെിയവര്‍ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി ഹജ്ജിന്‍െറ പരമാവധി പുണ്യം കരസ്ഥമാക്കാനുള്ള ധിറുതിയിലായിരുന്നു. ളുഹ്ര്‍ നമസ്കാരത്തിനുമുമ്പ് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖ് പ്രവാചകചര്യയനുസരിച്ചുള്ള അറഫാ പ്രഭാഷണം നടത്തി.

യഥാര്‍ഥ വിശ്വാസത്തിന്‍െറ കരുത്തില്‍ ജീവിതത്തെ താളപ്പിഴകളില്ലാതെ സൂക്ഷിക്കാനും ശിഥിലീകരണ, തീവ്രവാദ, വിധ്വംസക ശക്തികള്‍ക്കെതിരെ ഇസ്ലാമിന്‍െറ ശരിയായ പ്രതിനിധികളായി മാറാനും അദ്ദേഹം ഹാജിമാരെ ഉദ്ബോധിപ്പിച്ചു. ഹജ്ജിന്‍െറ വിശ്വമാനവികതയുടെ ചിത്രമാണ് മുസ്ലിംകളും ഇസ്ലാമിനെക്കുറിച്ച് പറയുന്നവരും പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

164 രാജ്യങ്ങളില്‍നിന്നായി 13,84,941 തീര്‍ഥാടകര്‍ക്കൊപ്പം ആറു ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ ഉള്‍പ്പെടെ 20 ലക്ഷത്തിലേറെ പേര്‍ ഈ വര്‍ഷം അറഫയില്‍ സംഗമിച്ചതായാണ് കണക്ക്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.