Latest News

പെരുന്നാള്‍ ഇറച്ചി വില്‍പന; ഇറച്ചി വ്യാപാരിയെ സഹായി കുത്തിക്കൊലപ്പെടുത്തി

കല്ലമ്പലം: [www.malabarflash.com]പെരുന്നാള്‍ പ്രമാണിച്ച് നടത്തിയ ഇറച്ചി വില്‍പനയില്‍ കൂലി കുറഞ്ഞെന്ന് ആരോപിച്ച് ഇറച്ചിവ്യാപാരിയെ സഹായി കുത്തിക്കൊന്നു. വര്‍ക്കല വടശേരിക്കോണം ഇടവന പുത്തന്‍വീട്ടില്‍ ഷിഹാബുദ്ദീന്‍(48) ആണ് മരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഷിഹാബുദ്ദീന്റെ സുഹൃത്തും അയല്‍വാസിയുമായ കുമാറെന്ന ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കോണം ജംഗ്ഷനിലെ ഇറച്ചിവെട്ടുകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം രാത്രിയിയാരുന്നു സംഭവം.

നേരത്തെ ഗള്‍ഫിലായിരുന്ന ഷിഹാബുദ്ദീന്‍ വിശേഷ ദിവസങ്ങളില്‍ ഇറച്ചി വില്‍പന നടത്താറുണ്ടായിരുന്നു. ബക്രീദിനോട് അനുബന്ധിച്ച് ബുധനാഴ്ച രാവിലെ മുതല്‍ വടശേരിക്കോണത്ത് ഷിഹാബുദ്ദീനും ഷാജിയും ഇറച്ചിവ്യാപാരത്തിലായിരുന്നു.

വില്‍പനയ്ക്ക് ശേഷം രാത്രി ഏഴരയോടെ വടശേരിക്കോണം ജംഗ്ഷനില്‍ തിരിച്ചെത്തിയ ഷാജി ഇറച്ചിക്കടയിലുണ്ടായിരുന്ന ഷിഹാബുദ്ദീനോട് തനിക്ക് നല്‍കിയ കൂലി കുറഞ്ഞുപോയതായി പരാതി പറഞ്ഞു. ശേഷിക്കുന്ന പണം പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍കൂട്ടാക്കാതിരുന്ന ഷാജി ഷിഹാബുദ്ദീനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ഷാജി തന്റെ കൈവശമുണ്ടായിരുന്ന നീളമുള്ള കത്തി ഉപയോഗിച്ച് ഷിഹാബിന്റെ മുതുകില്‍ കുത്തുകയായിരുന്നു.

ആഴത്തില്‍ കുത്തേറ്റ ഷിഹാബുദ്ദീന്‍ ജംഗ്ഷനില്‍ കുഴഞ്ഞുവീണു. നാട്ടുകാര്‍ ഷിഹാബുദ്ദീനെ ഉടന്‍ വര്‍ക്കല മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വഹീദയാണ് ഷിഹാബുദ്ദീന്റ ഭാര്യ. ഷെംന, ഷൈമ, സജ്‌ന എന്നിവര്‍ മക്കളും. ഷെമിന്‍, ഷെമീര്‍ എന്നിവര്‍ മരുമക്കളുമാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.