Latest News

പയ്യന്നൂര്‍ ഹക്കീം വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: [www.malabarflash.com]പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരന്‍ അബ്ദുള്‍ ഹക്കീം കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലന്ന് ചൂണ്ടിക്കാട്ടി ഹക്കീമിന്റെ ഭാര്യയും സമര സമതിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ മുമ്പ് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടിരുന്നുവെങ്കിലും അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്. രാഷ്ട്രീയവും സാമുദായികവുമായ താത്പര്യങ്ങളാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാന്‍ കാരണമെന്നാണ് സി.ബി.ഐ. അന്ന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐ തന്നെ കേസ് അന്വേഷിക്കണമെന്നും  ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

പയ്യന്നൂരില്‍ കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരനായ തെക്കെ മമ്പലത്ത് ഹക്കീമിനെ 2014 ഫിബ്രവരി 10നാണ് പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പള്ളിവളപ്പില്‍ മദ്രസക്കെട്ടിടത്തിനു പിന്നിലായാണ് ഹക്കീമിന്റെ മൃതദേഹം കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ കേസന്വേഷിച്ച ലോക്കല്‍ പോലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എന്നിട്ടും അന്വേഷണത്തില്‍ ഒരാള്‍പോലും പിടിയിലായില്ല.

പ്രതികളെ പിടിക്കാത്ത സാഹചര്യത്തില്‍ മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികളും പ്രതിഷേധവുമായി രംഗത്തുവന്നു. അവര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ ആഴ്ചകള്‍ നീണ്ട രാപകല്‍ സത്യാഗ്രഹമിരുന്നു. പ്രതിഷേധയോഗങ്ങളും ജനങ്ങളുടെ ഇടയില്‍ വ്യാപകമായ പ്രചാരണവും നടത്തി. എന്നിട്ടും പ്രതികള്‍മാത്രം വലയിലായില്ല.

ഇതിനിടെയാണ് ജനകീയ ആവശ്യങ്ങളെത്തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാത്തതിനാല്‍ ക്രൈംബ്രാഞ്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്.




Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.