Latest News

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് സ്ഥാനാര്‍ഥിയുടെ വക്കീല്‍ നോട്ടീസ്‌

കണ്ണൂര്‍:[www.malabarflash.com] വാര്‍ഡില്‍ എവിടെയെങ്കിലും അക്രമം നടന്നാല്‍ തനിക്കെതിരെ കേസെടുക്കുമെന്ന് ഭിഷണിപ്പെടുത്തി ജില്ലാ പോലീസ് മേധാവി നല്‍കിയ നോട്ടീസ് അത്യന്തം പ്രകോപനപരവും അപകീര്‍ത്തികരവുമാണെന്ന് കാണിച്ച് സ്ഥാനാര്‍ഥിയുടെ വക്കീല്‍ നോട്ടീസ്.

ശ്രീകണ്ഠപുരം നഗരസഭ 28ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിടിയേങ്ങ "നിഷാ നിവാസി'ല്‍ പി വി ശോഭനയാണ് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചത്.

പ്രവര്‍ത്തകരോ അനുഭാവികളോ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സ്ഥാനാര്‍ഥിയായ എന്റെ പേരില്‍ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് നോട്ടീസില്‍ പറയുന്നത്. റീപോളിങ്ങിന് ശുപാര്‍ശചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നു. പോലീസ് ആക്ടിലെ 39ാം വകുപ്പനുസരിച്ച് ഇത്തരമൊരു നോട്ടീസ് അയക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് അധികാരമില്ല. 

നിയമത്തിന്റെ നഗ്നമായ ലംഘനവും ദുര്‍വ്യാഖ്യാനവുമാണിത്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ ഞാനും എന്റെ മുന്നണിയും തെരഞ്ഞെടുപ്പു ദിവസം കുഴപ്പമുണ്ടാക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുകയാണ്. എല്‍ഡിഎഫിനെ ഭീകരപ്രസ്ഥാനമായി ചിത്രീകരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണപരത്തുകയും അതുവഴി ഭരണമുന്നണിയെ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 

ഏതെങ്കിലും വിധത്തിലുള്ള തെളിവിന്റെയോ അന്വേഷണ റിപ്പോര്‍ട്ടിന്റെയോ അടിസ്ഥാനത്തിലല്ല ഈ നിഗമനമെന്ന് വ്യക്തമാണ്. ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായാണ് നോട്ടീസ് അയച്ചത്. ഭരണക്കാരുടെ പാവയായി അധഃപതിക്കുയായിരുന്നു താങ്കള്‍. ഈ നോട്ടീസും അതിന് മാധ്യമങ്ങളിലൂടെ നല്‍കിയ വലിയ പ്രചാരവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും. 

കേരള പഞ്ചായത്തീരാജ് നിയമത്തിലെ 126ാം വകുപ്പു പ്രകാരം ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്. റിപോളിങ്ങിന് ശുപാര്‍ശ ചെയ്യുമെന്ന ഭീഷണിയും പൊലീസിന്റെ അധികാരപരിധിയില്‍ വരുന്നതല്ല. റിട്ടേണിങ് ഓഫീസറാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അതിനാല്‍ തെരഞ്ഞെടുപ്പു പ്രക്രിയയെ തകിടംമറിക്കുന്ന ഈ ഭീഷണി നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഉചിതമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. 




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.