Latest News

ഉഡുപ്പിയിലും ദാദ്രി മോഡല്‍; അറുക്കാനായി പശുവിനെ വാങ്ങിയെന്നാരോപിച്ച് മര്‍ദനം

ബംഗളൂരു:[www.malabarflash.com] അറുക്കാനായി പശുവിനെ വാങ്ങിയെന്നാരോപിച്ച് കാലികളുമായി പോകുകയായിരുന്ന യുവാവിന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം. ഉഡുപ്പി ജില്ലയിലെ തീരദേശ ഗ്രാമമായ കര്‍ക്കലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കാലിവളര്‍ത്തല്‍ തൊഴിലായ ഇബ്രാഹീം എന്നയാളെയാണ് 30ഓളം വരുന്ന ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുമ്പു ദണ്ഡും ചെയിനും ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് എത്തിയാണ് ഇബ്രാഹീമിനെ രക്ഷപ്പെടുത്തിയത്. രണ്ട് ഹിന്ദു കര്‍ഷകരില്‍നിന്ന് വാങ്ങിയ മൂന്നു പശുക്കളും രണ്ട് കാളകളുമായി മടങ്ങുകയായിരുന്നു ഇബ്രാഹീം. ഇബ്രാഹീമിനെതിരെ മോഷണകുറ്റം ചുമത്താനും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

അറുക്കാനായാണ് പശുവിനെ വാങ്ങിയതെന്ന ആരോപണം ഇബ്രാഹീം നിഷേധിച്ചു. തലമുറകളായി കാലി വളര്‍ത്തലാണ് തൊഴില്‍. വാങ്ങിയ പശുക്കളിലൊന്ന് ഗര്‍ഭിണിയായിരുന്നു. ഗര്‍ഭമുള്ള മൃഗങ്ങളെ കൊല്ലുന്നതിന് ഇസ്ലാമില്‍ വിലക്കുണ്ടെന്നും ഇബ്രാഹീം പറഞ്ഞു.

ബജ്റംഗ് ദള്‍ ഉഡുപ്പി ജില്ലാ കണ്‍വീനര്‍ കെ.ആര്‍. സുനില്‍ സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. പശുക്കളെ രക്ഷിക്കുന്ന തങ്ങളുടെ 16ാമത്തെ ഓപറേഷനാണ് ഇതെന്നും സുനില്‍ പറഞ്ഞു. തങ്ങളുടെ മര്‍ദനം ഇബ്രാഹീം ഇനി മറക്കില്ല, മറ്റുള്ളവര്‍ക്കും ഇത് പാഠമാണ് -സുനില്‍ പറഞ്ഞു. ഉഡുപ്പിയില്‍ അടുത്തിടെയായി വര്‍ഗീയ ചേരിതിരിവ് രൂക്ഷമാണ്.

സംഭവത്തില്‍ 10 ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഉഡുപ്പി എസ്.പി. കെ. അണ്ണാമലൈ പറഞ്ഞു. പെര്‍മിറ്റില്ലാതെ ജീപ്പില്‍ മൃഗങ്ങളെ കൊണ്ടുപോയതിന് ഇബ്രാഹീമിനെതിരെയും കേസുണ്ട്.




Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.