Latest News

1,022 പ്രശ്‌നബാധിത ബൂത്തുകളില്‍ തത്‌സമയ സംപ്രേഷണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം:[www.malabarflash.com] അതീവ പ്രശ്‌നബാധിതമായി പോലീസ് കണ്ടെത്തിയ 1,315 പോളിംഗ് ബൂത്തുകളില്‍ അതി സങ്കീര്‍ണമായ 1,022 ബൂത്തുകളില്‍ തത്‌സമയ സംപ്രേഷണത്തിനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തി.

വെബ് കാസ്റ്റിംഗിനുളള പശ്ചാത്തല സൗകര്യമുണ്ടെന്ന് ബിഎസ്എന്‍എല്‍ അധികാരികള്‍ അറിയിച്ച ബൂത്തുകളിലാണിത്. അതിസങ്കീര്‍ണ ബൂത്തുകളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തല്‍സമയ സംപ്രേഷണം ഏര്‍പ്പെടുത്തുമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

പ്രശ്‌നബാധിതമായ മറ്റു ബൂത്തുകളില്‍ വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്താനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി. പോളിംഗ് ദിവസം വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നതിന് ബൂത്തൊന്നിന് 4,000 രൂപ നിരക്കാണു നിശ്ചയിച്ചിട്ടുളളത്. ജില്ലാ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്നു കണ്ടെത്തുന്ന മറ്റു പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫി ഈ നിരക്കില്‍ കമ്മീഷന്റെ ചെലവില്‍ ഏര്‍പ്പെടുത്തും.

രാഷ്ട്രീയ കക്ഷികളും മറ്റു സംഘടനകളും സ്ഥാനാര്‍ഥികളും ആവശ്യപ്പെടുന്ന ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതിനു കമ്മീഷന്‍ നിശ്ചയിച്ച തുക മുന്‍കൂറായി ആവശ്യക്കാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുമ്പാകെ കെട്ടിവയ്ക്കണം. വീഡിയോ റിക്കാര്‍ഡിംഗിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ വീഡിയോഗ്രാഫറില്‍ നിന്നു വാങ്ങി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.