Latest News

ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ശനിയാഴ്ച കൊട്ടിക്കലാശം

തിരുവനന്തപുരം:[www.malabarflash.com] നവംബര്‍ രണ്ടിനു തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന് ശനിയാഴ്ച കൊട്ടിക്കലാശം. പരസ്യപ്രചാരണം സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവസാന വട്ട പ്രചാരണം പരമാവധി കൊഴുപ്പിച്ചു വോട്ട് ഉറപ്പാക്കാനുള്ള ശ്രമത്തിലാണു മുന്നണികളും സ്ഥാനാര്‍ഥികളും.

നവംബര്‍ രണ്ടിനു തെരഞ്ഞെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു ശനിയാഴ്ച പരസ്യപ്രചാരണത്തിനു സമാപനമാകുന്നത്.

നിയാഴ്ച വൈകുന്നേരം അഞ്ചുവരെയാണു പരസ്യപ്രചാരണത്തിന് അവസരമുള്ളത്. ഉച്ചവരെ മിക്ക സ്ഥാനാര്‍ഥികളും വാര്‍ഡിന്റെ എല്ലാ സ്ഥലങ്ങളിലും ഓട്ടപ്രദക്ഷിണത്തിലാണ്.

രണ്ടു മൂന്നു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രധാന ജംഗ്ഷനുകളിലാണു കൊട്ടിക്കലാശം. അക്രമസാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കൊട്ടിക്കലാശത്തിനിടെ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം കഴിഞ്ഞാല്‍ പിന്നീടു വീടുകള്‍ കയറിയിറങ്ങി വോട്ട് ഉറപ്പാക്കാനുള്ള അവസാന ശ്രമമാണു നടക്കുക. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ വോട്ട് ചെയ്യാന്‍ അവസരമുണ്ട്.

ഏഴിനാണു വിധി അറിയുന്നത്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണ വിഷയങ്ങളും മാറിമറിയുകയാണ്.

അതിനിടെ, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകാലാവധി ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന ഭരണം ശനിയാഴ്ചവൈകുന്നേരം മുതല്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണത്തിനു കീഴിലാകും. സെക്രട്ടറിമാര്‍ക്കാകും ഭരണച്ചുമതല. നവംബര്‍ 12നു തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ അധികാരം ഏല്‍ക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭരണച്ചുതല ഏറ്റെടുക്കാന്‍ വൈകിയ ചില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അല്പം കൂടി സമയ കാലപരിധി നല്‍കിയിട്ടുണ്ട്. ഏതായാലും നവംബര്‍ അവസാന വാരത്തിനകം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ ചുമതലയേല്‍ക്കും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.