Latest News

ജോലിക്കിടെ ഷോക്കേറ്റ് 2 കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ മരിച്ചു

പുത്തൂര്‍ / ചവറ:[www.malabarflash.com] വൈദ്യുതിലൈനില്‍ അറ്റകുറ്റപ്പണിക്കിടെയും ലൈനിലേക്കു വീണ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെയും ഷോക്കേറ്റു രണ്ടു കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ മരിച്ചു.

എംസി റോഡില്‍ കുളക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു സമീപത്തും ചവറ പയ്യലക്കാവ് കുളത്തൂര്‍ ജംക്ഷനടുത്തുള്ള തുണ്ടത്തില്‍ കലുങ്കിനു സമീപത്തുമുണ്ടായ അപകടങ്ങളില്‍ മങ്ങാട് എരപ്പന്‍ചാല്‍ പുന്നമൂട്ടില്‍ വീട്ടില്‍ വിഷ്ണുരാജ് (27), പയ്യലക്കാവ് കൊച്ചുകുന്നേല്‍ കിഴക്കതില്‍ ആനന്ദന്‍ (48) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വിഷ്ണുരാജിനു ഷോക്കേല്‍ക്കുകയായിരുന്നു. തൊട്ടടുത്തുള്ള ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റിലെ പണി തീര്‍ത്തശേഷം ഇവിടേക്കെത്തിയതായിരുന്നു വിഷ്ണുരാജും മറ്റു തൊഴിലാളികളും.

വൈദ്യുതി പ്രവാഹമില്ലെന്ന ധാരണയില്‍ പോസ്റ്റില്‍ കയറിയ വിഷ്ണുരാജ് ഷോക്കേറ്റു വീണു. ഉടനെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആറു വര്‍ഷത്തിലേറെയായി കെഎസ്ഇബിയില്‍ കരാര്‍ ജീവനക്കാരനായിരുന്നു.

ഇരുമ്പുകൊളുത്ത് ഘടിപ്പിച്ച തോട്ടി ഉപയോഗിച്ച് മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്നതിനിടെയാണ് ആനന്ദനു ഷോക്കേറ്റത്. ചൊവ്വാഴ്ച 8.30ന് ആയിരുന്നു സംഭവം. മതിലിനു മുകളില്‍ നിന്നു കൊമ്പ് വെട്ടുന്നതിനിടെ തോട്ടി മറ്റൊരു ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തെ വെള്ളക്കെട്ടിലേക്കു വീണ ആനന്ദനു ലൈനില്‍ തട്ടിനിന്ന തോട്ടിയില്‍നിന്ന് തുടര്‍ന്നും ഷോക്കേറ്റു.
ഒപ്പമുണ്ടായിരുന്ന തോട്ടിനുവടക്ക് സ്വദേശി ബിജുവിനും ഷോക്കേറ്റു. ബിജു ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനു മുന്‍പു ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് ഊരിയതു മാറിപ്പോയതാണ് അപകടകാരണമെന്നു പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എട്ടു വര്‍ഷമായി കരാര്‍ ജോലിക്കാരനായിരുന്നു. 

വിഷ്ണുരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നഴ്‌സിങ് വിദ്യാര്‍ഥിനിയായ പുഷ്പലതയാണ് ഭാര്യ. ആനന്ദന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. ജയയാണ് ഭാര്യ. മക്കള്‍: പ്രണവാനന്ദ്, അമലാനന്ദ്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.