Latest News

ഓപ്പറേഷന്‍ തിയറ്ററില്‍ പൂജവയ്പ് നടത്തിയത് വിവാദമായി

വടകര:[www.malabarflash.com] വടകര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ഉപകരണങ്ങള്‍ പൂജവച്ചതു വിവാദമായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണു ജീവനക്കാരുടെ നേതൃത്വത്തില്‍ പൂജ വച്ചത്.

അണുവിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയറ്ററില്‍ ക്ഷേത്രമാതൃകയില്‍ മണ്ഡപം നിര്‍മിച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട പൂജ. ശസ്ത്രക്രിയയ്ക്കു വേണ്ട ഉപകരണങ്ങളും സ്റ്റെതസ്‌കോപ്പും പൂജയ്ക്കു വച്ചു. പിന്നീടു പ്രസാദ വിതരണവും നടത്തി. 

ഒന്നാംനിലയില്‍ ഓപറേഷന്‍ തിയറ്ററിനു തൊട്ടടുത്തു തന്നെയാണു പുരുഷന്മാരുടെ വാര്‍ഡ്. ഇവിടെ രോഗികളുള്ളപ്പോഴായിരുന്നു ഓപ്പറേഷന്‍ തിയറ്ററില്‍നിന്ന് ഉച്ചത്തില്‍ പാട്ടുവച്ചുള്ള പരിപാടികള്‍.

അതേസമയം, ഉപകരണങ്ങള്‍ പൂജവച്ചാല്‍ അത്യാവശ്യ ശസ്ത്രക്രിയകള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തി. എന്നാല്‍, അതീവ സുരക്ഷിതമായി പരിപാലിക്കേണ്ട ഓപ്പറേഷന്‍ തീയറ്ററില്‍ പൂജ നടത്തിയതു സംബന്ധിച്ച് അധികൃതര്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ല. ഇത്തരം പൂജകള്‍ വര്‍ഷംതോറും നടക്കുന്നതാണെന്നും പൂജയ്ക്കു ശേഷം ഓപ്പറേഷന്‍ തിയറ്റര്‍ പൂര്‍ണമായും അണുമുക്തമാക്കാന്‍ നടപടിയെടുത്തെന്നുമാണു ബന്ധപ്പെട്ടവരുടെ വിശദീകരണം. 

സംഭവം വിവാദമായതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോടു വിശദീകരണം തേടി. തന്റെ അറിവോടെയല്ല പൂജവയ്പ് നടന്നതെന്നാണു സൂപ്രണ്ടു നല്‍കിയ പ്രാഥമിക വിശദീകരണമെന്ന റിയുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.