Latest News

ബിജിമോളുടെ വോട്ട് കൈപ്പത്തിക്കോ, താമരക്കോ?

തൊടുപുഴ:[www.malabarflash.com] സി.പി.ഐ നേതാവ് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ വോട്ടു ചെയ്യേണ്ടി വരും. അല്ലെങ്കില്‍ വോട്ട് അസാധുവാക്കേണ്ടി വരും.

കാരണം പത്രിക തള്ളിപ്പോയതിനാല്‍ ഏലപ്പാറ പഞ്ചായത്ത് 10ാം വാര്‍ഡായ തണ്ണിക്കാനത്ത് എല്‍.ഡി.എഫിനു സ്ഥാനാര്‍ഥിയില്ല. ഇവിടെ സ്വതന്ത്രരും മല്‍സരരംഗത്തില്ല. ഇ.എസ്.ബിജിമോള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന ഓമന പ്രേമ സുധന്റെ പത്രികയാണു വരണാധികാരി തള്ളിയത്. പത്രികയില്‍ സ്ഥാനാര്‍ഥി ഒപ്പിടാതിരുന്നതാണു തള്ളാന്‍ കാരണം.

ഇവിടെ ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. സ്ഥാനാര്‍ഥിയെ എത്തിച്ചു പത്രികയില്‍ ഒപ്പിടുവിക്കുന്നതിനു വിരോധമില്ലെന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി ഹാജരായവര്‍ അറിയിച്ചതിനെ തുടര്‍ന്നു വരണാധികാരി സമയം അനുവദിച്ചു. എന്നാല്‍, ഏലപ്പാറ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞിട്ടും സ്ഥാനാര്‍ഥിയെ എത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പത്രിക തള്ളുന്ന വിവരം വരണാധികാരി പ്രഖ്യാപിച്ചു.
ഇതിനിടെ, കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടെ വീട്ടില്‍ എത്തിയ സി.പി.എം നേതാക്കള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തു. ഇവര്‍ വാഗ്ദാനം നിരസിച്ചു. വിവരമറിഞ്ഞ കോണ്‍ഗ്രസ് നേതാക്കളും തൊട്ടുപിന്നാലെ ഡമ്മിയുടെ വീട്ടിലെത്തി. കൂടുതല്‍ പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും ഉണ്ടാകാതിരിക്കാന്‍ നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയെ വരണാധികാരിയുടെ മുന്നിലെത്തിച്ചു പത്രിക പിന്‍വലിപ്പിച്ചു. യു.ഡി.എഫിലെ ജ്യോതി ബോബിയും ബി.ജെ.പിയിലെ സനിത മധുവും തമ്മിലാണു മത്സരം.
പെരുവന്താനം പഞ്ചായത്തിലെ കപ്പക്കാനം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഒറിജിനലിന്റെയും ഡമ്മിയുടേയും പത്രിക തളളി. രണ്ടു പേരെയും ഒരാള്‍ പിന്തുണച്ചതാണു കാരണം. സി.പി.എമ്മിലെ പ്രഭാ തങ്കച്ചനും ബി.ജെ.പിയിലെ സുമേതാ മോഹനും തമ്മിലാണ് ഇവിടെ മല്‍സരം.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.