Latest News

ഗോവധം ആരോപിച്ച് അക്രമം: പരിക്കേറ്റയാള്‍ മരിച്ചു; കശ്മീരില്‍ സംഘര്‍ഷം

ശ്രീനഗര്‍:[www.malabarflash.com] കശ്മീരിലെ ഉധംപുരില്‍ മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പുണ്ടായ അക്രമത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഉധംപുരിലുണ്ടായ പെട്രോള്‍ ബോംബ് ആക്രമത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ സഹീദ് അഹമ്മദാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെ ആസ്പത്രിയില്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് കശ്മീരിന്റെ പലഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് ആഹ്വാനം ചെയ്തു.

സഹീദിന്റെ നാടായ അനന്ത്‌നാഗ് ജില്ലയില്‍ അക്രമാസക്തരായ ആളുകള്‍ പോലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.


ഒക്ടോബര്‍ ഒമ്പതിനാണ് ഉധംപൂരില്‍ മൂന്നു പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ സഹീദിന് പരിക്കേറ്റത്. പെട്രോള്‍ ബോംബ് ആക്രമണത്തില്‍ 74 ശതമാനം പൊള്ളലേറ്റ സഹീദിനെ ഡല്‍ഹിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശ്രീനഗറിലേക്കുള്ള ട്രക്കിലായിരുന്നു സഹീദ്. ഉധംപൂരില്‍ റോഡ് തടഞ്ഞ അക്രമികള്‍ ലോറിയുടെ ചില്ല് തകര്‍ത്ത് ഉള്ളിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. സഹീദിനൊപ്പം സഹായി ഷൗക്കത്തിനും പരിക്കേറ്റു. ഇയാള്‍ സുഖം പ്രാപിച്ച് വരുന്നു.

പശുക്കള്‍ ചത്തത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.




Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.