Latest News

പൊട്ടിക്കിടന്ന ലൈനില്‍നിന്നു ഷോക്കേറ്റ് മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു



മാങ്കുളം:[www.malabarflash.com] പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് മൂന്ന് ആദിവാസി യുവതികള്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ചിക്കണംകുടി നിവാസികളായ മന്നവന്റെ ഭാര്യ രാജാത്തി (28), കുഞ്ഞുമോന്റെ ഭാര്യ സലോമി (21), തങ്കച്ചന്റെ മകള്‍ യശോദ (19) എന്നിവരാണു മരിച്ചത്. വനിത ശശിക്കാണു (21) പരിക്കേറ്റത്. വനിത ശശിയുടെ പത്തുമാസം പ്രായമായ കുഞ്ഞ് പരിക്കുകള്‍ ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബുധനാഴ്ച ഉച്ചയോടെയാണ് ചിക്കണംകുടി പൈനാപ്പിള്‍ തോടിനുസമീപം വൈദ്യുതി ലൈന്‍ പൊട്ടിവീണത്. വിറകുശേഖരിക്കാനായിപോയ ആദിവാസി സ്ത്രീകള്‍ക്ക് പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. മരിച്ച സലോമി നാലു മാസം ഗര്‍ഭിണിയാണ്. അപകടം നടന്ന ഉടന്‍ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനുമുമ്പെ മൂവരും മരിച്ചു.

വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നതുകണ്ട് പ്രദേശവാസികള്‍ വൈദ്യുതി ബോര്‍ഡില്‍ വിളിച്ചറിയിച്ചിരുന്നെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ലെന്നും ആക്ഷേപമുണ്ട്. അന്നയ്യന്‍-വള്ളിയമ്മ ദമ്പതികളുടെ മകളാണ് മരിച്ച സലോമി.

മകള്‍: ചിന്നു. ചിന്നമ്മയാണ് മരിച്ച യശോദയുടെ മാതാവ്. സഹോദരങ്ങള്‍: ശാന്ത, സോമന്‍, ജയരാജന്‍, ചിത്ര, രേവതി. മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുടിയിലേയ്ക്കു കൊണ്ടുപോയി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു നടക്കും.

മരണമടഞ്ഞവരുടെ കുടുംബത്തിന് അടിയന്തര സഹായമായി വൈദ്യുതി ബോര്‍ഡ് 10,000 രൂപ വീതം അനുവദിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.