Latest News

വിശാല ഹിന്ദു ഐക്യത്തിന് സംഘടനയുണ്ടാക്കുന്നത് കള്ളക്കഥ മറച്ചുവെക്കാന്‍: എന്‍.എസ്.എസ്

ചങ്ങനാശേരി:[www.malabarflash.com]വിശാല ഹിന്ദു ഐക്യത്തിനായി ചിലര്‍ സംഘടനയുണ്ടാക്കുന്നത് കള്ളക്കഥകള്‍ മറച്ചുവെക്കാനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശേരി താലൂക്ക് യൂനിയന്‍െറ 102ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിശാലഹിന്ദു ഐക്യത്തില്‍ പങ്കാളിയായേ പറ്റൂ എന്ന അഭിപ്രായം എന്‍.എസ്.എസിനില്ല. സംഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അതിന് അനുവദിക്കുന്നുമില്ല. ഇപ്പോള്‍ ചിലര്‍ ഐക്യത്തിനുവേണ്ടി നടക്കുന്നതിന് പിന്നിലെ കളി മനസ്സിലായതുകൊണ്ടാണ് എന്‍.എസ്.എസ് അതില്‍ പങ്കാളിയാവാത്തത്. ഹൈന്ദവന്‍െറ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍.എസ്.എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. ആ ചുമതല മറ്റാരേക്കാള്‍ കൂടുതല്‍ ഇന്നോളം നിര്‍വഹിച്ചിട്ടുമുണ്ട്, അത് തുടരുകയും ചെയ്യും.

എന്‍.എസ്.എസ് ശക്തമായത് ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിട്ടല്ല. മതേതരത്വത്തിനും സാമൂഹികനീതിക്കും വേണ്ടിയാണ് സംഘടന എന്നും നിലകൊണ്ടത്. ഏതെങ്കിലും പാര്‍ട്ടിയോട് എന്‍.എസ്.എസിന് മമതയില്ല. ഒരു പാര്‍ട്ടിയുടെയും ഭാഗമാവാനുമില്ല. പണ്ടൊരിക്കല്‍ പാര്‍ട്ടി ഉണ്ടാക്കി നോക്കിയതാണ്, ഇനി അതിനില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും സമദൂരം പാലിക്കും. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമുദായം ഒറ്റക്കെട്ടായി എന്‍.എസ്.എസിന്‍െറ കൊടിക്കീഴിലാണ് അണിനിരക്കേണ്ടത്. 102 വര്‍ഷം വരെ ഒറ്റക്കു മുന്നേറിയ സംഘടനക്ക് ഇനിയും മറ്റാരുടെയും പിന്തുണ ആവശ്യമില്ല.

സംവരണകാര്യത്തില്‍ തീരുമാനമുണ്ടാക്കേണ്ടതും തുല്യനീതി ഉറപ്പുവരുത്തേണ്ടതും കേന്ദ്രസര്‍ക്കാറാണ്. അത് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംവരണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ല.സമുദായാംഗങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനോ മത്സരിക്കാനോ ആര്‍ക്കും വിലക്കില്ല. എന്നാല്‍, എന്‍.എസ്.എസിന്‍െറ ലേബല്‍ ഉപയോഗിക്കാന്‍ പാടില്ല. ആരുടെയും രാഷ്ട്രീയത്തിന് എന്‍.എസ്.എസ് എതിരല്ല, അവരുടെ രാഷ്ട്രീയം എന്‍.എസ്.എസിനും എതിരാകാന്‍ പാടില്ല. സമുദായത്തില്‍ രാഷ്ട്രീയ ചേരിതിരിവുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

പെരുന്നയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.