Latest News

മരിച്ചുവെന്ന് വിധിയെഴുതിയ രോഗി പോസ്റ്റ്‌മോര്‍ട്ടത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കണ്ണ് തുറന്നു

മുംബെ:[www.malabarflash.com] മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയ രോഗി പോസ്റ്റ്‌മോര്‍ട്ടത്തിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കണ്ണ് തുറന്നു. മുംബൈയിലെ സിയേണ്‍ ആശുപത്രിയിലാണ് ആള്‍ക്കാരെ ഞെട്ടിക്കുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മുംബെയിലെ സുലോചന ഷെട്ടി തെരുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 45കാരനെ സിയേണ്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ലോകമാന്യ തിലക് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ നാഡിപരിശോധിച്ച് രോഗി മരിച്ചെന്നു വിധിയെഴുതിയതോടെ തുടര്‍ നടപടികള്‍ക്കായി ‘ശവശരീരം’ കാഷ്വാലിറ്റി വിഭാഗത്തില്‍ നിന്നും ഉടന്‍ തന്നെ മോര്‍ച്ചറിയിലെത്തിച്ചു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആശുപത്രിയുടെ മുകള്‍ നിലയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആശുപത്രി തൊഴിലാളികളായ സുഭാഷും സുരേന്ദറുമാണ് ‘മരിച്ച ആള്‍ക്ക് ജീവനുണ്ടെന്ന് ‘ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം രോഗിയെ പരിശോധിച്ച ഡോക്ടറെ ധരിപ്പിച്ചു, കാര്യം അറിഞ്ഞ ഉടനെ മെഡിക്കല്‍ ഓഫീസര്‍ കാഷ്വാലിറ്റിയിലെ റിപ്പോര്‍ട്ട് തിരുത്തി രോഗിയെ ഇഎന്‍ടി വിഭാഗത്തിലേക്കയച്ചെന്ന് ആശുപത്രി തൊഴിലാളികളിലൊരാള്‍ പോലീസിനോട് പറഞ്ഞു.

ആശുപത്രി അധികൃതര്‍ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പരിശോധനയ്ക്കായ് നല്‍കാന്‍ വിസമ്മതിച്ചുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലെത്തുന്ന രോഗികളോട് ആശുപത്രി അധികൃതര്‍ക്കുള്ള അവഗണനയാണ് ഈ സംഭവത്തിലൂടെ പുറത്തു വരുന്നതെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ യേശുദാസ് ഗോര്‍ഡെ പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആശുപത്രിയുടെ മേലധികാരികള്‍ക്ക് ഞങ്ങള്‍ കത്തയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തു വന്ന ഉടന്‍ തന്നെ ആശുപത്രിക്കെതിരേയും സംഭവത്തിന് ഉത്തരവാദിയായ മെഡിക്കല്‍ ഓഫീസര്‍ക്കു നേരെയും വേണ്ട വേണ്ട നിയമ നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളുമെന്നും ഗോര്‍െഡ പറഞ്ഞു.

രോഗിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തിരിച്ചറിയാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രാഥമിക നിഗമനത്തില്‍ രോഗിക്ക് 45 വയസ്സുണ്ടാകുമെന്നു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. രോഗി ഇപ്പോള്‍ ചെവിയില്‍ ബാധിച്ച അണുബാധയ്ക്ക് ഇഎന്‍ടി വിഭാഗത്തില്‍ ചികിത്സയിലാണ്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.