Latest News

മുസ്ലിംലീഗ് വർഗീയ കക്ഷിയെന്ന വിലയിരുത്തൽ സിപിഎമ്മിനില്ല-പിണറായി

കണ്ണൂര്‍:[www.malabarflash.com] മലപ്പുറം ജില്ലയില്‍ യുഡിഎഫ് സംവിധാനത്തില്‍ അപ്രമാദത്തം മുസ്ലിംലീഗിനാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ മലബാര്‍ മേഖലയില്‍ പല തവണ സിപിഐ(എം) മുസ്ലിംലീഗ് കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. ഇത്തവ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഭീതിപ്പെടുത്തുന്ന വിധത്തില്‍ ബിജെപി വളരുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.


എന്നാല്‍, മലബാറിലെ ചിലയിടങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുചാടി ലീഗ് കൂട്ടുകൂടുന്നത് സിപിഎമ്മിനോടാണ്. ഇങ്ങനെയുള്ള തദ്ദേശ നീക്കുപോക്കുകള്‍ ക്ഷീണം ചെയ്യുക കോണ്‍ഗ്രസിന് ആണെന്ന കാര്യം ഉറപ്പാണ്. ഈ ആശങ്കയെ ബലപ്പെടുത്തുന്ന പ്രസ്താവനയുമായി സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തി.

മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായം ഇല്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. അവര്‍ യുഡിഎഫിനുള്ളില്‍ നില്‍ക്കുകയാണെന്നും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ സമീപനം ആലോചിക്കേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. 

എംവി രാഘവനെ പുറത്താക്കിയ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്. 1986ലെ ദേശീയ സംസ്ഥാന സാഹചര്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ഇപ്പോള്‍ കിട്ടാവുന്ന എല്ലാവരുമായും സഹകരിക്കുക എന്നാണ് നയം. മുസ്ലിം ലീഗുമായും കൂട്ടുകെട്ട് സ്വീകാര്യമാണെന്ന് പിണറായി പറഞ്ഞു. ലീഗ് മുസ്ലിം വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിലയിരുത്തലില്ലെന്നും പിണറായി വ്യക്കമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും സ്വീകരിച്ച നിലപാടാണ് പിണറായി വെളിപ്പെടുത്തിയതെന്ന് മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ പ്രസ്താവനയോട് പ്രതികരിച്ചു. യഥാര്‍ത്ഥ എതിരാളി ആരാണെന്ന് തിരിച്ചറിയാത്തതാണ് സിപിഐഎമ്മിന്റെ പരാജയം. സംഘപരിവാറിനെതിരെ വിശാലമായ ഒരു ഐക്യം രാജ്യത്തിന് ആവശ്യമാണെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. കോണ്‍ഗ്രസല്ല, ബിജെപിയും സംഘപരിവാറുമാണ് മുഖ്യശത്രുക്കളെന്ന് സിപിഐഎം തിരിച്ചറിഞ്ഞെങ്കില്‍ അത് സ്വാഗതം ചെയ്യുന്നതായും കെഎന്‍എ ഖാദര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ക്ക് ലീഗുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഇതിനിടെയാണ് ലീഗുമായിയുള്ള സഖ്യസാധ്യതകളെ തള്ളാതെ പിണറായി വിജയന്‍ രംഗത്തെത്തിയത്. എസ്എന്‍ഡിപി ബിജെപിയുമായി സഹകരിച്ചു നീങ്ങുമെന്ന വിധത്തിലേക്ക് കേരള രാഷ്ട്രീയം മാറിമറിയുമ്പോഴാണ് ലീഗുമായുള്ള സഖ്യസാധ്യതകള്‍ തള്ളാതെ സിപിഐ(എം) രംഗത്തെത്തിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ അടക്കം കോണ്‍ഗ്രസ്‌ലീഗ് സഖ്യം ത്രിശങ്കുവിലാണ്. പലയിടുത്തും നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ സഖ്യത്തിന് പുറത്താണ് മത്സരം. ലീഗാകട്ടെ ഇവിടങ്ങളില്‍ സിപിഎമ്മുമായി സഹകരിച്ചാണ് പ്രവര്‍ത്തനവും. പിണറായിയുടെ പ്രസ്താവന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ്‌സിപിഐ(എം) നീക്കുപോക്കുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന കാര്യം ഉറപ്പാണ്.

നിലവിലെ സാമുദായിക വോട്ടുകളുടെ ക്രമം അനുസരിച്ച് മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ യുഡിഎഫിന് ലഭിക്കുന്നുണ്ട്. യുഡിഎഫിന്റെ രൂപീകരണം തന്നെ ഇങ്ങനെ സമുദായ ശക്തികളുടെ കൂട്ടുകെട്ടലിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും വെള്ളാപ്പള്ളി തുറന്ന പിന്തുണ ബിജെപിക്ക് ലഭിച്ചതോടെ വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി നേടാന്‍ സാധിക്കുമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നുണ്ട്.

ബിജെപിയുടെ വളര്‍ച്ചയെ തടയിടാന്‍ സിപിഐ(എം) രംഗത്തിറങ്ങുമ്പോള്‍ അതിന് ലീഗുമായുള്ള കൂട്ടുകെട്ടും സഹായകമാകുമെന്നാണ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തല്‍.

ബിജെപി മുന്നേറ്റത്തിന് തടയിടാന്‍ ന്യൂനപക്ഷ വോട്ടുകള്‍ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചതും. ഇപ്പോള്‍ കേരളത്തില്‍ ബിജെപി അതിവേഗം വളരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സിപിഎമ്മിന് ബംഗാളിലെ പാര്‍ട്ടിയുടെ ഗതി വരരുതെന്ന് ആഗ്രഹിക്കുന്നവരില്‍ നല്ലൊരു ശതമാനം മുസ്ലിം വിഭാഗക്കാരുണ്ട്. പുരോഗമന പ്രസഥാനമായ സിപിഎമ്മിന്റെ തകര്‍ച്ച കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നാണ് പൊതു വിലയിരുത്തല്‍.

അതുകൊണ്ട് സിപിഎമ്മുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് മുസ്ലിംലീഗിലെ ഒരു വിഭാഗവും വിലയിരുത്തുന്നു. ഇപ്പോഴത്തെ സിപിഐ(എം) ലീഗുമായി അടുക്കുന്നതില്‍ ഏറ്റവും ആശങ്ക കോണ്‍ഗ്രസിന് ആകുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും മുന്നണിയിലെ ഏറ്റവും വിശ്വസനീയതയുള്ള പാര്‍ട്ടിയാണ് ലീഗ് എന്ന് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ തദ്ദേശത്തിലെ നീക്കുപോക്കുകള്‍ നിയമസഭയിലേക്ക് നീങ്ങില്ലെന്നും വിലയിരുത്തുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.