Latest News

ന്യൂ ജനറേഷനെ വളയ്ക്കാന്‍ ആര്‍എസ്എസ് പാന്റിടും

ന്യൂഡല്‍ഹി:[www.malabarflash.com] യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ നിക്കറിന്റെ നീളം അല്പം കൂടി കൂട്ടി പാന്റ്‌സ് ഇടാനൊരുങ്ങി ആര്‍എസ്എസ്. സ്റ്റൈല്‍ ഒട്ടും കുറയ്ക്കാതിരിക്കാന്‍ വെള്ള ഷര്‍ട്ടിനു പകരം ടീ ഷര്‍ട്ട് ആക്കാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ റാഞ്ചിയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തില്‍ സ്വയം സേവകര്‍ക്കായുള്ള പരിഷ്‌കരിച്ച വേഷം അവതരിപ്പിക്കുകയും ചെയ്തു. പുത്തനുടുപ്പുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ അടുത്ത മാര്‍ച്ചില്‍ നാഗ്പൂരില്‍ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

നിലവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ധരിക്കുന്ന കാക്കി നിക്കറാണ് യുവാക്കള്‍ സംഘടനയിലേക്കു വരുന്നതിനുള്ള പ്രധാന തടസമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. ആര്‍എസ്എസ് ഉന്നത നേതാക്കളായ മോഹന്‍ ഭാഗവതും ഭയ്യാജി ജോഷിയും യൂണിഫോം മാറണമെന്ന പക്ഷക്കാരാണ്. കാലോചിതമായി വസ്ത്രങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന ആശയമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ചില അംഗങ്ങള്‍ ഇതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നുമാണു വിവരം. അതേസമയം മഹാരാഷ്ട്ര യിലെ പഴയ സ്വയം സേവകര്‍ യൂണിഫോം മാറ്റുന്നതിനോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്നുണ്ട്.

രണ്ടു തരം വേഷപരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ ആര്‍എസ്എസിന്റെ പരിഗണനയിലുള്ളത്. വെള്ള ടി ഷര്‍ട്ടും കറുത്ത പാന്റും ഇപ്പോഴത്തെ തൊപ്പിയുമാണ് ഒന്ന്. വെള്ള കാന്‍വാസ് ഷൂവും കാക്കി സോക്‌സും ഇതിനൊപ്പമുണ്ടാകും. വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്‌സുമാണ് മറ്റൊന്ന്. പാന്റ്‌സിന്റെ നിറം കാക്കിയോ നേവി ബ്ലൂവോ നീലയോ ചാര നിറമോ ആയിരിക്കും. കറുത്ത ലെതര്‍ ഷൂ, കാക്കി സോക്‌സ്, കാന്‍വാസ് ബെല്‍റ്റ് കറുത്ത തൊപ്പി എന്നിവ അടങ്ങുന്നതാണിത്.

ഇതാദ്യമായാണ് ആര്‍എസ്എസ് യൂണിഫോമില്‍ വലിയ മാറ്റം കൊണ്ടുവരുന്നത്. പുതിയ യൂണിഫോം ലഭ്യമാകുന്നതിന് അനുസരിച്ച് മാറിത്തുടങ്ങും. രാജ്യത്തൊട്ടാകെ 50,000 ശാഖകളുണ്ട്. ഓരോ ശാഖകളിലും പത്തു സ്വയം സേവകരും. ഇവര്‍ക്കെല്ലാം അഞ്ചു ലക്ഷത്തോളം പുതിയ യൂണിഫോം തയാറാക്കണം. യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനം ആകുന്നതനുസരിച്ച് ഇത് നടപ്പാക്കിത്തുടങ്ങും.

2010ലാണ് ആര്‍എസ്എസ് യൂണിഫോമില്‍ അവസാനം മാറ്റം വരുത്തിയത്. കാന്‍വാസ് ബെല്‍റ്റിന് പകരം ലെതര്‍ ബെല്‍റ്റാക്കി എന്നതായിരുന്നു അന്നത്തെ പരിഷ്‌കാരം. 1925 മുതല്‍ 1939 വരെ കാക്കിയായിരുന്നു യൂണിഫോം. 1940ലാണ് കാക്കി ഷര്‍ട്ടിനു പകരം വെള്ള ഷര്‍ട്ട് വന്നത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.