Latest News

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു വനിതാ പോലീസ് ഓഫീസര്‍ മരിച്ചു

കോട്ടയം:[www.malabarflash.com] അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്തിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹപ്രവര്‍ത്തകയ്ക്കു പരിക്കേറ്റു.

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ വനിതാ സെല്ലിലെ പോലീസ് ഓഫീസര്‍ വെള്ളൂര്‍ ഇറുമ്പയം ഒറ്റക്കുന്നേല്‍ ജെന്‍സി ദാനിയേലാണ് (41) മരിച്ചത്. പരിക്കേറ്റ പോലീസ് ഓഫീസര്‍ ആനിക്കാട് വെസ്റ്റ് കൊച്ചുപറമ്പില്‍ ജി. സിന്ധുവിനെ (31) കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 10.30നു കോട്ടയം ശാസ്ത്രി റോഡില്‍ ദര്‍ശന അക്കാദമിക്കു സമീപമാണ് അപകടം. കോട്ടയം-കല്ലറ-ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജാക്വിലിന്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സിന്ധുവും ജെന്‍സിയും റോഡിലേക്കു മറിഞ്ഞു വീണു. ബസ് കയറി കൈകള്‍ അറ്റുപോയ ജെന്‍സിയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞരമ്പുകളും മാംസവും അറ്റുപോയി രക്തം വാര്‍ന്നാണു ജെന്‍സി മരിച്ചത്. സിന്ധുവിന്റെ കൈയ്ക്കും കാലിനും ഒടിവു സംഭവിച്ചിട്ടുണ്ട്. ബസിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന നിലയിലായിരുന്നു.

കോട്ടയം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിന്റെ ഭാര്യയാണ് ജെന്‍സി. മക്കള്‍: അലീന, ആല്‍ബര്‍ട്ട് (ഇരുവരും വിദ്യാര്‍ഥികള്‍). സിന്ധുവിന് പല്ലു വേദന കലശലായതിനെത്തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴാണു അപകടം. അപകടവുമായി ബന്ധപ്പെട്ടു കോട്ടയം ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജെന്‍സിയുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോട്ടയം പോലീസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വച്ചു. 

ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോ, ഡിവൈഎസ്പി വി. അജിത് എന്നിവര്‍ക്കൊപ്പം പോലീസുകാരും അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Keywords: Kottayam News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.