Latest News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിധി നിര്‍ണ്ണയത്തിന് ഒരുങ്ങി

കാസര്‍കോട്:[www.malabarflash.com] തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലയിലെ വോട്ടര്‍മാര്‍ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്.

ത്രിതല ഗ്രാമപഞ്ചാത്തുകളിലേക്കും, മുനിസിപ്പാലിറ്റികളിലേക്കും മത്സരിക്കുന്ന 2651 സ്ഥാനാര്‍ത്ഥികളുടെ വിധി തിങ്കളാഴ്ച വോട്ടര്‍മാര്‍ നിശ്ചയിക്കും. വോട്ടെടുപ്പ് സുഗമമായി നടക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
2653 സ്ഥാനാര്‍ത്ഥികളാണ് നേരത്തെ സാധുവായ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരിന്നത്. ഇതില്‍ കുമ്പള ഗ്രാമപഞ്ചായത്തിലെയും, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലേയും ഓരോ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ഗ്രാമപഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാകാന്‍ 1977 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 1031 പേര്‍ സ്ത്രീകളും 946 പേര്‍ പുരുഷന്‍മാരുമാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ പ്രതിനിധീകരിക്കാന്‍ 60 പേര്‍ മത്സരരംഗത്തുണ്ട്. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ഉളളത്. മത്സരാര്‍ത്ഥികളില്‍ 77 പേര്‍ സ്ത്രീകളും 33 പേര്‍ പുരുഷന്‍മാരുമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്‍മാരും ഉള്‍പ്പെടെ 260 പേര്‍ മത്സരിക്കുന്നു. മുനിസിപ്പാലിറ്റികളിലേക്ക് 354 പേര്‍ മത്സരത്തിനുണ്ട്. ഇവരില്‍ 180 സ്ത്രീകളും 174 പുരുഷന്‍മാരുമുണ്ട്.
ജില്ലയില്‍ 952163 പേരാണ് വോട്ടര്‍മാരായുളളത്. ഇതില്‍ ത്രിതല പഞ്ചായത്തുകളില്‍ 406347 പുരുഷന്‍മാരും 429279 സ്ത്രീകളുമുണ്ട്. മുനിസിപ്പല്‍ പ്രദേശത്ത് 116537 വോട്ടര്‍മാരാണ് ഉളളത്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 18314 പുരുഷന്‍മാരും 19103 സ്ത്രീകളും ഉള്‍പ്പെടെ 37417 വോട്ടര്‍മാരുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ 49340 വോട്ടര്‍മാരാണുളളത്. 29692 പേര്‍ പുരുഷന്‍മാരും 26648 പേര്‍ സ്ത്രീകളുമാണ്. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ 29780 വോട്ടര്‍മാരാണുളളത് ഇതില്‍ 13597 പേര്‍ പുരുഷന്‍മാരും 16183 പേര്‍ സ്ത്രീകളുമാണ് .
വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച ഏഴ് കേന്ദ്രങ്ങളിലായി നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മേല്‍ നോട്ടം വഹിച്ചു. 

മൊത്തം 1403 ബൂത്തുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുളളത്. 5642 ഉദ്യോഗസ്ഥര്‍ പോളിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കാനുണ്ടാവും. അടിയന്തരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരാന്‍ പ്രയാസമുളളവയായി 23 പോളിംഗ് ബൂത്തുകളാണ് ഉളളത്. ഇവിടങ്ങളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയിട്ടുണ്ട്.
51 അതീവപ്രശ്‌ന ബാധിത ബുത്തുകളാണ് ജില്ലയിലുളളത്. ഇതില്‍ 44 എണ്ണത്തില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴിടങ്ങളില്‍ വീഡിയോഗ്രാഫി സംവിധാനം ഒരുക്കി. ഇതിനുപുറമെ പോലീസ് പ്രശ്‌ന ബാധിതമെന്ന് റിപ്പോര്‍ട്ട് ചെയ്ത 24 പോളിങ് സ്റ്റേഷനുകളിലും സ്ഥാനാര്‍ത്ഥികളുടെ ആവശ്യപ്രകാരം 152 പോളിങ് സ്റ്റേഷനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ സ്വന്തം ചെലവിലും വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.