കണ്ണൂര്‍:[www.malabarflash.com] രാവിലെ 11 മണിക്ക് തൊട്ടുമുമ്പായി ജില്ലാ കലക്ടര്‍ പി ബാലകിരണും മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ കെ എ സരളയും ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് കടന്നുവന്നു. സീറ്റിലിരുന്ന കലക്ടര്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ കുറിച്ച് വായിച്ചു. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞപ്പോള്‍ പരിയാരം ഡിവിഷനില്‍ നിന്ന് വിജയിച്ച എം വി സുമേഷ് 9ാം വാര്‍ഡ് കതിരൂരില്‍ നിന്ന് വിജയിച്ച എല്‍ ഡി എഫിന്റെ കാരായി രാജന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. കോളയാട് ഡിവിഷനില്‍ നിന്ന് വിജയിച്ച എല്‍ ഡി എഫിലെ വി കെ സുരേഷ്ബാബു പിന്താങ്ങി.
ചെറുകുന്ന് ഡിവിഷനില്‍ നിന്ന് വിജയിച്ച അന്‍സാരി തില്ലങ്കേരി അഞ്ചാം ഡിവിഷനില്‍ നിന്ന് വിജയിച്ച യു ഡി എഫിലെ തോമസ് വര്‍ഗീസിന്റെ പേര് നിര്‍ദ്ദേശിച്ചു. കൊളവല്ലൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച കെ പി ചന്ദ്രന്‍ മാസ്റ്റര്‍ പിന്താങ്ങി. തുടര്‍ന്ന് ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്തു. കരിവെള്ളൂര്‍ ഡിവിഷന്‍ പ്രതിനിധിയാണ് ആദ്യമായി വോട്ട് ചെയ്തത്. തുടര്‍ന്ന് ഡിവിഷനിലെ ക്രമമനുസരിച്ച് 24 പേരും വോട്ട് ചെയ്തു.
ജില്ലാ കലക്ടര്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി. കാരായി രാജന് 15 വോട്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഹാളില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ കെ എ സരള കാരായി രാജനെ ആദ്യം അഭിനന്ദിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസും കാരായിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കഴിയുമ്പോഴേക്കും പി ജയരാജന്റെ നേതൃത്വത്തില്‍ കാരായി രാജന്റെ അടുത്തെത്തി മുല്ലമാല അണിയിച്ചു.
തലശ്ശേരിയില്‍ കൊല്ലപ്പെട്ട എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാനും കാരായിയെ അഭിനന്ദിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ മുമ്പാകെ സത്യവാചകം ചൊല്ലി കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സ്ഥാനമേറ്റു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment