Latest News

കുട്ടികളുടെ മരണം വിഷവാതകം ശ്വസിച്ചെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്:[www.malabarflash.com] സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ പടന്നക്കാട്ടുള്ള സ്‌നേഹസദനം ഷോര്‍ട്ട് സ്റ്റേ ഹോമിലെ അന്തേവാസികളായ പിഞ്ചുകുട്ടികള്‍ കാറിനുള്ളില്‍ മരിച്ചത് വിഷവായു ശ്വസിച്ചതുമൂലമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കാഞ്ഞങ്ങാട് രാവണീശ്വരം മുക്കൂടിലെ ബാബു-സൗമ്യ ദമ്പതികളുടെ മകന്‍ വി.ഡി.അഭിഷേകി(ഏഴ്)നെയും ഇരിട്ടി മണിക്കടവിലെ ജിഷോ-സൗമ്യ ദമ്പതികളുടെ മകന്‍ ജെറിന്‍ ജിഷോ(ആറ്) യെയും സ്‌നേഹസദനത്തിനു തൊട്ടുപുറകില്‍ ഉപേക്ഷിച്ച കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന കാറിനുള്ളില്‍ വിഷവാതകം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കുട്ടികള്‍ കാറിനുള്ളില്‍ കയറി ഡോര്‍ അടച്ചപ്പോള്‍ അബദ്ധത്തില്‍ ലോക്ക് വീണിരിക്കാം. അതിനെത്തുടര്‍ന്നു ശ്വാസം മുട്ടിയാകാം കുട്ടികള്‍ മരിച്ചതെന്നും ഹൊസ്ദുര്‍ഗ് സിഐ യു. പ്രേമന്‍ പറഞ്ഞു. മൃതദേഹം ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്‍ എസ്.ഗോപാലകൃഷ്ണപിള്ള പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുട്ടികളുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി തിങ്കളാഴ്ച കോഴിക്കോട്ടേക്കു കൊണ്ടുപോകും.

കുട്ടികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ജെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി മണിക്കടവ് സെന്റ് തോമസ് ദേവാലയത്തില്‍ സംസ്‌കരിച്ചു. അഭിഷേകിന്റെ മൃതദേഹം കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം രാവണീശ്വരം മുക്കൂടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ശനിയാഴ്ച വൈകുന്നേരം മൂന്നോടെ കുട്ടികളെ കളിക്കാന്‍ വിട്ടിരുന്നു. നാലായിട്ടും ഇവരെ കാണാതായപ്പോള്‍ ഷെല്‍ട്ടര്‍ ഹോമിന്റെ ചുമതലയുള്ളവര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടന്‍ വിവരം ഹൊസ്ദുര്‍ഗ് പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീടുള്ള തെരച്ചിലിലാണു ഷോര്‍ട്ട് സ്റ്റേ ഹോമിനു പുറത്തു മാസങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്ന കാറിനുള്ളില്‍ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗാര്‍ഹിക പീഡന കേസുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെയും അഗതികളായ കുട്ടികളെയും സംരക്ഷിക്കുന്ന കേന്ദ്രമാണ് സ്‌നേഹസദനം. കോടതി നിര്‍ദേശപ്രകാരം 2015 ജൂലൈ 25നാണ് അഭിഷേകിനെയും മാതാവ് സൗമ്യയെയും ഷെല്‍ട്ടര്‍ ഹോമിലെത്തിച്ചത്. ജെറിന്‍ ജിഷോയെയും മാതാവ് സൗമ്യയെയും ഈ മാസം 26നാണ് ഇവിടെ എത്തിക്കുന്നത്. ഒരാഴ്ച മുമ്പ് അഭിഷേകിന്റെ മാതാവ് സൗമ്യ(28) കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.