Latest News

ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കാലിക്കടവില്‍ വ്യാഴാഴ്ച തിരി തെളിയും

ചെറുവത്തൂര്‍:[www.malabarflash.com] ട്രാക്കിലും ഫീല്‍ഡിലും വിദ്യാര്‍ത്ഥികളുടെ കായിക കുതിപ്പ് പ്രകടമാക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്ക് വ്യാഴാഴ്ച തുടക്കമാവും. രാവിലെ ക്രോസ്‌കണ്‍ട്രി മത്സരങ്ങളും വൈകുന്നേരം ദീപശിഖാ പ്രയാണവുമാണ് വ്യാഴാഴ്ച നടക്കുന്നത്.

പിലിക്കോട് പഞ്ചായത്തിന്റെ കാലിക്കടവ് മൈതാനിയിലാണ് കായിക മേള അരങ്ങേറുക. എഴ് ഉപജില്ലകളില്‍ നിന്നുമായി സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2000 ത്തോളം കായിക താരങ്ങളാണ് മേളയില്‍ വിവിധ ദിവസങ്ങളിലായി മാറ്റുരക്കുക. ഉച്ചയോടെ മല്‍സരാര്‍ത്ഥികളുടെ രജിസ്‌ട്രെഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 

രാവിലെ ഏഴിന് കായിക മേളയുടെ ആദ്യ ഇനമായ ക്രോസ്‌കണ്‍ട്രി മത്സരങ്ങള്‍ ആരംഭിക്കും. തൃക്കരിപ്പൂര്‍ കൊയോങ്കര മൃഗാശുപത്രി പരിസരത്ത് നിന്നും ആണ്‍കുട്ടികള്‍ കാലിക്കടവിലേക്ക് അഞ്ച് കിലോ മീറ്ററും നടക്കാവില്‍ നിന്നും പെണ്‍ കുട്ടികള്‍ക്ക് മൂന്ന് കിലോ മീറ്ററും ദൂരമാണ് മത്സരം. മൈതാനിയില്‍ തെളിയിക്കാനുള്ള ദീപശിഖ കാസര്‍ഗോഡ് ബി ഇ എം സ്‌കൂളില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് നാലിന് കാലിക്കടവില്‍ എത്തിച്ചേരും. ദേശീയ താരങ്ങളായ അത് ലറ്റുകളുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയത്തില്‍ ദീപശിഖ കൊളുത്തും. 

27ന് രാവിലെ 8.30 ന് ദീര്‍ഘദൂര ഓട്ട മത്സരങ്ങളോടെയാവും തുടക്കം. 10.30 ന് ഡി ഡി ഇ. ഇന്‍ ചാര്‍ജ് പി കെ രഘുനാഥ് പതാക ഉയര്‍ത്തും. വിവിധ ഉപജില്ലകളുടെ ബാനറിന് കീഴില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റും നടക്കും. കാഞ്ഞങ്ങാട് ഡി വൈ എസ് പി എം.ഹരിശ്ചന്ദ്ര നായ്ക് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മത്സരിച്ച് നല്ല പ്രകടനം കാഴ്ച വച്ച കായിക താരങ്ങളെ അനുമോദിക്കും. പിരിയുന്ന കായികാധ്യാപകരെയും വിരമിച്ച കായികാധ്യാപകരെയും ചടങ്ങില്‍ ആദരിക്കും. 

കേരള സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അസോസിയേഷന്‍ അനുശാസിക്കുന്ന നിയമാവലിയാണ് മത്സരങ്ങള്‍ നടക്കുക. ഇത്തവണ ആദ്യമായി 400 മീറ്റര്‍ ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുക എന്ന പ്രത്യേകതയുമുണ്ട്. 28 ന് രാവിലെ ഏഴിന് നടത്ത മത്സരങ്ങള്‍ നടക്കും. 

28 ന് വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. വിവിധ തലങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ തലവന്മാരും അംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുക്കും. മല്‍സരാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും മത്സരം നിയന്ത്രിക്കുന്നവര്‍ക്കും 27,28 ദിവസങ്ങളില്‍ ഭക്ഷണം ഒരുക്കുന്നുണ്ട്. 

ചെറുവത്തൂര്‍ പ്രസ് ഫോറത്തില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഡി.ഡി.ഇ ഇന്‍ ചാര്‍ജുമായ പി കെ രഘുനാഥ്, കണ്‍വീനറും ചെറുവത്തൂര്‍ എ ഇ ഒ യുമായ കെ പി പ്രകാശ് കുമാര്‍, സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍ കെ എം ബാല്ലാള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ വിജയകൃഷ്ണന്‍, ചെറുവത്തൂര്‍ ഉപജില്ലാ സെക്രട്ടറി പി പി അശോകന്‍, മീഡിയ ചെയര്‍മാന്‍ ഉറുമീസ് തൃക്കരിപ്പൂര്‍, കണ്‍വീനര്‍ ബാലചന്ദ്രന്‍ എരവില്‍, പി വി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.