കാസര്‍കോട്:[www.malabarflash.com] നഗരത്തിലെ ഓട്ടോഡ്രൈവര്‍ വട്ടംപാറയിലെ കെ. സന്ദീപി(23)നെ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നിലെ ഓട്ടോസ്റ്റാന്റില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിന്റെ ഗൂഢാലോചന ഗള്‍ഫില്‍ വെച്ചാണെന്ന് പൊലീസ് പറഞ്ഞു.
19 വര്‍ഷം മുമ്പ് കുറ്റിക്കോലിലെ ജയചന്ദ്രനെ നെല്ലിക്കുന്നില്‍ വെച്ച് കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അഫ്‌റാസാണ് ഗള്‍ഫില്‍ നിന്ന് സന്ദീപിനെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഓട്ടോ ഡ്രൈവര്‍ ചൗക്കി ബെദ്‌റടുക്കയിലെ അറഫാത്ത്(28), ചൗക്കി ബദര്‍ നഗറിലെ ഇസ്മായില്‍ എന്ന ഇച്ചു(24), ഉളിയത്തടുക്കയിലെ മുസ്തഫ(38), മീപ്പുഗുരിയിലെ ജുനൈദ് (22), കീഴൂരിലെ റുമൈസ് (23), പള്ളത്തെ പതിനേഴുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് അഫ്‌റാസിന്റെ റോള്‍ പൊലീസിന് വ്യക്തമായത്.
ഓട്ടോ ഡ്രൈവര്‍മാരായ അറഫാത്തും സന്ദീപും കോട്ടക്കണിയില്‍ വെച്ച് തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവത്രെ. അതോടെ സന്ദീപിനെ ലക്ഷ്യം വെച്ചു. അഫ്‌റാസും അറഫാത്തും സുഹൃത്തുക്കളാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഫ്‌റാസാണത്രെ സന്ദീപിനെ വകവരുത്താനായി നിര്‍ദ്ദേശിച്ചത്. ഇതിനായി 25,000 രൂപ അയച്ച് കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്. മുസ്തഫയെയാണത്രെ പണം ഏല്‍പ്പിച്ചത്.
12ന് പുലര്‍ച്ചെ 1.45നാണ് സന്ദീപിനെ കുത്തിയത്. 11ന് രാത്രി മുതല്‍ തന്നെ സന്ദീപിനെ ലക്ഷ്യം വെച്ച് അറഫാത്തും ഇസ്മയിലും പതിനേഴുകാരനും ഒരു ബൈക്കിലും ജുനൈദ് മറ്റൊരു ബൈക്കിലും നഗരത്തില്‍ കറങ്ങിക്കൊണ്ടിരുന്നുവത്രെ. അര്‍ധരാത്രിയോടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ മുന്നിലെത്തിയെങ്കിലും വെറെയും ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിട്ടത് കണ്ട് തിരിച്ചുപോയി. പിന്നീട് റെയില്‍വെസ്റ്റേഷന് സമീപത്തെ തട്ടുകടയില്‍ നിന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. അവിടെ വെച്ചാണ് ജുനൈദിനെ വിട്ട് സന്ദീപിന്റെ നീക്കങ്ങള്‍ അറിയാന്‍ ആവശ്യപ്പെട്ടത്. ബൈക്കില്‍ എത്തിയ ജുനൈദ് ഓട്ടോ സ്റ്റാന്റില്‍ സന്ദീപ് തനിച്ചാണെന്ന് മറ്റുള്ളവര്‍ക്ക് ഉടന്‍ സന്ദേശം നല്‍കി. പഴയ ബസ്സ്റ്റാന്റ് വഴിയാണ് ഇസ്മയിലും അറഫാത്തും പതിനേഴുകാരനും ബൈക്കിലെത്തിയത്.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ഇടത് വശത്തെ റോഡില്‍ ബൈക്ക് നിര്‍ത്തി കത്തികളുമായി ഇസ്മയിലും അറഫാത്തും നടന്നാണ് ഓട്ടോ സ്റ്റാന്റിലെത്തിയത്. ഓട്ടോ ചാരി നില്‍ക്കുകയായിരുന്ന സന്ദീപിനെ ഒരാള്‍ പിറകില്‍ നിന്നും ഒരാള്‍ മുന്നില്‍ നിന്നും കുത്തി. കുത്തേറ്റുവീണ സന്ദീപ് നിലവിളിച്ച് കൊണ്ട് എഴുന്നേറ്റ് ഡിപ്പോയിലേക്ക് ഓടി. അതോടെ രണ്ട് പ്രതികളും അവിടെ നിന്ന് തിരിച്ചുനടന്നു.
ഒരു കത്തി പാലമരത്തിനടിയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയില്‍ ബൈക്കുമായി പതിനേഴുകാരന്‍ എയര്‍ലെന്‍സ് ലോഡ്ജിന്റെ മുന്നിലെത്തിയിരുന്നു. മറ്റ് രണ്ട് പേരെയും ബൈക്കിലിരുത്തി തെരുവത്തേക്ക് ഓടിച്ചു പോയി. തെരുവത്ത് ബൈക്ക് നിര്‍ത്തി. പൊലീസ് കറങ്ങുന്നുണ്ടാകുമെന്ന് കരുതിയ പ്രതികള്‍ രക്ഷപ്പെടാനായി വഴികള്‍ തേടി. ഒടുവില്‍ ഇസ്മയിലും അറഫാത്തും നടന്ന് നാലാംമൈലിലെത്തി. ചോര പുരണ്ട വസ്ത്രവുമായി നടന്നുപോകുകയായിരുന്ന ഇവരെ ആരും ശ്രദ്ധിച്ചില്ല.
നാലാംമൈലിലേക്കാണ് മുസ്തഫ 5000 രൂപയുമായി എത്തുന്നത്. പണം വാങ്ങിയ ഉടനെ പതിനേഴുകാരനോടും ജുനൈദിനോടും ബൈക്കുമായി നാലാം മൈലിലെത്താന്‍ ആവശ്യപ്പെട്ടു. നാലുപേരും ബൈക്കില്‍ കീഴൂരിലെ ഇസ്മയിലിന്റെ ആളൊഴിഞ്ഞ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു. പോകും വഴി രണ്ടാമത്തെ കത്തി ചന്ദ്രഗിരി പുഴയിലേക്ക് വലിച്ചെറിഞ്ഞു. കീഴൂരിലെ വീട്ടിലെത്തി അവിടെ നിന്ന് കുളിച്ച് ചോര പുരണ്ട വസ്ത്രം നശിപ്പിച്ച് കളയാനായി റുമൈസിനെ ഏല്‍പ്പിച്ചു. റുമൈസ് നാലുപേര്‍ക്കും രക്ഷപ്പെടാനായി ബന്ധുവിന്റെ കാര്‍ ഏര്‍പ്പാട് ചെയ്തു. കാറിലാണ് പിറ്റേന്ന് കാലത്ത് നാലുപേരും പടന്നക്കാട് എത്തുന്നത്. പടന്നക്കാട് നിന്ന് ബസില്‍ കണ്ണൂരിലേക്ക് പോയി. കണ്ണൂരില്‍ നിന്ന് തീവണ്ടി മാര്‍ഗം എറണാകുളത്തേക്ക് രക്ഷപ്പെട്ടു.
ഇതിനിടയില്‍ തന്നെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കഞ്ചാവ് ലോബിയാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. ചില തെളിവുകള്‍ കൂടി പൊലീസിന് ലഭിച്ചതോടെ വഴികള്‍ തെളിഞ്ഞു. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്നായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പതിനേഴുകാരന്‍ ആറ് ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറഫാത്തിനെതിരെ ബദിയടുക്ക, ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാല പിടിച്ചുപറിക്കേസും നിലവിലുണ്ട്. ഇസ്മയില്‍ കഞ്ചാവ് കടത്തുകേസില്‍ ഗള്‍ഫില്‍ ഒരു വര്‍ഷം ജയില്‍വാസമനുഭവിച്ചിരുന്നു.
ജയചന്ദ്രന്‍ കൊലക്കേസില്‍ അഫ്‌റാസ് അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ കാലം റിമാണ്ടിലായിരുന്നെങ്കിലും കേസ് പിന്നീട് കോടതി വിട്ടു. സെക്കന്റ്‌ഷോ സിനിമക്ക് പോയ ജയചന്ദ്രന്‍ വീട്ടിലേക്ക് തിരിച്ച് പോകാന്‍ പറ്റാത്തതിനാല്‍ നെല്ലിക്കുന്നിലെ ബന്ധുവീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് പ്രതികള്‍ കുത്തിക്കൊന്നത്. മറ്റൊരാളെ ലക്ഷ്യം വെച്ചായിരുന്നു അക്രമം. എന്നാല്‍ ഇരുളില്‍ ആളുമാറി ജയചന്ദ്രന്റെ ജീവനെടുക്കുകയായിരുന്നു. കാസര്‍കോട് സി.ഐ ആയിരുന്ന കെ. അബ്ദുല്‍ ഗഫൂറാണ് അന്ന് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment